Kerala News
'പിണറായി സര്‍ക്കാറിന് ഹിന്ദുക്കളോട് ഉള്ള കലി അടങ്ങിയില്ല'; മീശ നോവലിന് അവാര്‍ഡ് നല്‍കിയതിനെതിരെ കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 15, 01:03 pm
Monday, 15th February 2021, 6:33 pm

കോഴിക്കോട്: എസ്. ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

നോവല്‍ വിവാദമായതോടെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട് ഡി.സി ബുക്സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അതേസമയം ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യപുരസ്‌കാരം എസ്. ഹരീഷിന്റെ ‘മീശ’ നോവലിനായിരുന്നു. ‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

2019 ലെ കേരള സാഹിത്യ പുരസ്‌ക്കാരം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മികച്ച നോവലിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ മീശ നോവലിന് 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് ലഭിക്കുക.

പി വത്സലയ്ക്കും എന്‍.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ‘ഈശ്വരന്‍ മാത്രം സാക്ഷി’ എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K. Surendran against giving award to Meesha novel