'കേരളം പാകിസ്ഥാന്‍ അനുകൂലികളുടെ പറൂദീസ, വന്ദേമാതരവും സൈനികരും ഇവര്‍ക്ക് ഹറാം'; മുസ്‌ലിം ഏകോപന സമിതിയുടെ സമരവും വര്‍ഗ്ഗീയതയ്ക്ക് വളമാക്കാന്‍ ശ്രമിച്ച് വീണ്ടും കെ.സുരേന്ദ്രന്‍
Kerala
'കേരളം പാകിസ്ഥാന്‍ അനുകൂലികളുടെ പറൂദീസ, വന്ദേമാതരവും സൈനികരും ഇവര്‍ക്ക് ഹറാം'; മുസ്‌ലിം ഏകോപന സമിതിയുടെ സമരവും വര്‍ഗ്ഗീയതയ്ക്ക് വളമാക്കാന്‍ ശ്രമിച്ച് വീണ്ടും കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2017, 8:54 am

തിരുവനന്തപുരം: കേരളം പാക്കിസ്ഥാന്‍ അനുകൂലികളുടെ പറുദീസയാണെന്ന് കെ സുരേന്ദ്രന്‍. ജിഹാദികള്‍ ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറായില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“”ജിഹാദികള്‍ക്ക് പൂമാലയും പട്ടാളക്കാര്‍ക്ക് ആക്ഷേപവുമാണ് സി. പി. എമ്മിന്റെ പ്രഖ്യാപിത നിലപാട്. കേരളം പാക്കനുകൂലികളുടെ പറുദീസ. ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാല്‍. വന്ദേമാതരവും സൈനികരും ഇവര്‍ക്ക് ഹറാമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Also Read: ”സൈന്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്തു, ആത്മവിശ്വാസമില്ലാത്തതിനാലാണ് അര്‍ണബ് പൊട്ടിത്തെറിക്കുന്നതും കുരയ്ക്കുന്നതും’; അര്‍ണബിനെ വലിച്ചുകീറി എം.ബി രാജേഷിന്റെ തുറന്ന കത്ത്


യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിന്റെ ചിത്രവും പോസ്റ്റ് ചെയ്ത് ഫെയ്‌സ്ബുക്കിലാണ് സുരേന്ദ്രന്റെ പരാമര്‍ശം. വണ്ടിക്ക് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുന്ന സമരാനുകൂലിയുടെ ചിത്രവും സുരേന്ദ്രന്‍ വട്ടം വരച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പൊലീസ് വണ്ടിക്ക് മുകളിലാണ് കയറിയതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സുരേന്ദ്രന്റെ നീക്കമെന്നും വിമര്‍ശനം ഉയര്‍ന്നു. ഇന്നലെ നടന്ന പ്രതിഷേധപ്രകടനത്തിനിടെ പൊലീസും മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകരും തമ്മില്‍ കോടതിക്ക് മുമ്പില്‍ സംഘര്‍ഷമുണ്ടായിരുന്നു.

പ്രതിഷേധക്കാരെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന് മുന്നില്‍ വെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. എന്നാല്‍ ഇവര്‍ ബാരിക്കേഡുകള്‍ പൊളിച്ച് മുന്നോട്ട് പോയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടയില്‍ മുസ്ലിം ഏകോപന സമിതി നേതാക്കള്‍ ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ മുസ്‌ലിം ഏകോപന സമിതി ഇന്ന് എറണാകുളത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

നേരത്തെ ഫേസ്ബുക്കിലൂടെ വ്യാജചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അമല്‍ മനോജാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.


Don”t Miss: ‘അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും?’; ശശികലയെ ട്രോളി സന്ദീപാനന്ദ ഗിരി


സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തിയതിനാണ് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂത്തുപറമ്പ് സ്വദേശിയാണ് അമല്‍ മനോജ്.
ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. എന്നാല്‍ സുരേന്ദ്രന്റെ വ്യാജപ്രചരണത്തെ വലിച്ചുകീറിയത് സോഷ്യല്‍ മീഡിയയാണ്.