പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പശ്ചാത്തലം മോശമായിട്ടുള്ളവരും കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസില്‍ പ്രതികളായിട്ടുള്ളവരുമാണ് ശബരിമലയില്‍ എത്തുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. ഇവരെ ഇവിടെ എത്തിക്കുന്നത് ആരാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
“”സര്‍ക്കാര്‍ മനപൂര്‍വം അയ്യപ്പവിശ്വാസികളുടെ വികാരത്തെ മുറിവേല്‍പ്പിക്കുകയാണ്. അവിശ്വാസകളേയും ക്രിമിനല്‍കേസില്‍ പ്രതികളായിട്ടുള്ളവരേയും സര്‍ക്കാര്‍ തന്നെ ഇവിടെ നിര്‍ബന്ധിച്ച് കൊണ്ടുവരികയാണ്.
റിവ്യൂ പെറ്റീഷന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതിന് മുന്‍പ് എങ്ങനെയെങ്കിലും സ്ത്രീപ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം
അരാജകവാദികളേയും അവിശ്വാസികളേയും ശബരിമലയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുവന്നാല്‍ വിശ്വാസികള്‍ അതിനെ ശക്തമായി ചെറുത്തുതോല്‍പ്പിക്കും. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം.
പശ്ചാത്തലം മോശമായിട്ടുള്ളവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള സ്ത്രീകളുമാണ് ഇതുവരെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. എങ്ങനെയാണ് അവര്‍ ഇവിടെ എത്തിയത്. ഇത് സര്‍ക്കാര്‍ അന്വേഷിക്കണം. മാവോയിസ്റ്റുകളും കിസ്സ് ഓഫ് ലവുകാരും വിധ്വംസക പ്രവര്‍ത്തകരുമായിട്ടുള്ള ആക്ടിവിസ്റ്റുകളുമാണ് ഇവിടെ എത്തുന്നത്. ഇത് അനുവദിച്ചുതരില്ല- സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല പ്രശ്നം പരിഹരിക്കാനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടിരുന്നു.നിയമസഭ ആവശ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്രത്തിന് വിഷയത്തില്‍ ഇടപെടാനാകൂയെന്നും കേന്ദ്രസര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പ്രതിസന്ധിയാണെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. വിശ്വാസികളായ സ്ത്രീകള്‍ വിധിക്കെതിരാണ്
ശബരിമലയില്‍ യോജിച്ചുനിന്ന് പ്രശ്നപരിഹരത്തിന് ബി.ജെ.പി തയ്യാറാണെന്നും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.