| Friday, 26th May 2017, 5:02 pm

'അണ്ണാനെയും മുയലിനെയും പോലും ഇനി തൊടാന്‍ പറ്റില്ല'; കശാപ്പ് നിരോധനം നേരത്തെ കൊണ്ടുവരണമായിരുന്നു: കെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കശാപ്പ് നിരോധനം നേരത്തെ കൊണ്ടുവരേണ്ടതായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


Also read ‘ഞാനെന്ത് കഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കും’; കന്നുകാലി കശാപ്പ് നിരോധനം ഫാസിസത്തിന്റെ കടന്ന് കയറ്റമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ


വിജ്ഞാപനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ കേരളം പോലുള്ള സംസ്ഥാനത്ത് കന്നുകാലികള്‍ വലിയതോതില്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.

പല സംസ്ഥാനങ്ങളും വളരെ മുന്‍പ് തന്നെ ഇത്തരം മൃഗപീഡനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഗോവധ നിരോധന നിയമം കൊണ്ടുവരിക എന്നത് എന്‍.ഡി.എ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

നേരത്തെ മനോരമ ന്യൂസില്‍ വാര്‍ത്തയോട് പ്രതികരിക്കവേ അണ്ണാനെയും മുയലിനെയും പോലും ഇനി തൊടാന്‍ പറ്റില്ലെന്നും ജന്തു സംരക്ഷണ നിയമം നിലവിലുണ്ടെന്നും അത് പ്രകാരം ഒരു ജീവിയെപോലും ഉപദ്രവിക്കാന്‍ പറ്റില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നും ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് എലാവരും നടപ്പിലാക്കണമെന്നും സുരേന്ദ്രന്‍ ചാനലില്‍ പ്രതികരിച്ചു.


Dont miss മതം മാറിയ പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോയി 


എന്നാല്‍ കശാപ്പ് നിരോധനം നടപ്പിലാക്കുന്നെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.  കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിനു പിന്നില്‍ മത വികാരം ആളിക്കത്തിക്കാനുള്ള സംഘപരിവാര്‍ അജണ്ടയെന്നാണ് എം.ബി രാജേഷ് എം.പി പറഞ്ഞത്. നിരോധനം നിയമപരമായി നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഫാസിസത്തിന്റെ കടന്ന് കയറ്റമാണെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. താനെന്ത് കഴിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more