| Tuesday, 4th May 2021, 11:13 pm

രാജി വെയ്ക്കാന്‍ തയ്യാറെന്ന് കെ.സുരേന്ദ്രന്‍; സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് സൂചന. ഇക്കാര്യം കേന്ദ്ര നേതാക്കളെ സുരേന്ദ്രന്‍ അറിയിച്ചതായും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണം നടന്നുവെന്നും മത-സമുദായ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മുസ്‌ലിം സമുദായം തീരുമാനിച്ചവര്‍ മാത്രമാണ് നിയമസഭയിലെത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

മുസ്‌ലിം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് സി.പി.ഐ.എം ജയിച്ചത്. നേമത്ത് എസ്.ഡി.പി.ഐ സി.പി.ഐ.എമ്മിന് വോട്ട് ചെയ്തുവെന്ന് പരസ്യമായി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തീവ്രവാദ ശക്തികളടക്കം പരസ്യമായി സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.ഡി.എഫിനും വര്‍ഗീയ വോട്ട് ലഭിച്ചു. കല്‍പറ്റയില്‍ യു.ഡി.എഫിന്റെ സിദ്ദിഖിനാണ് സി.പി.ഐ.എമ്മിനകത്തെ മുസ്‌ലിം വോട്ടര്‍മാര്‍ വോട്ട് ചെയ്തത്. മുസ്‌ലിം സഖാക്കള്‍ സിദ്ദിഖിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ. ശ്രീധരനും കുമ്മനം രാജശേഖരനും നിയമസഭയില്‍ പോകാന്‍ പാടില്ല എന്നും നമ്മുടെ സമുദായത്തില്‍ പെട്ടവരെ ഒന്നിച്ചുനിന്ന് നിയമസഭയിലെത്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഷാഫി പറമ്പിലും ടി.സിദ്ദിഖും ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയത് കോണ്‍ഗ്രസ് മാത്രമല്ലല്ലോ, എ.കെ.എം അഷറഫ് ജയിച്ചപ്പോള്‍ ലീഗ് മാത്രമല്ലല്ലോ ആഘോഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബേപ്പൂരില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മത്സരിച്ചിടത്തടക്കം യഥാര്‍ത്ഥ പരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K Surendran About Resign From BJP

Latest Stories

We use cookies to give you the best possible experience. Learn more