Entertainment news
ഉണ്ണി മുകുന്ദന്റെ ആറാട്ട്, ഫൈറ്റ് രംഗങ്ങള്‍ കാന്താരയിലെ ക്ലൈമാക്‌സ് പോലെ ഉജ്ജ്വലം; മാളികപ്പുറത്തെ പുകഴ്ത്തി കെ.സുരേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 30, 12:12 pm
Friday, 30th December 2022, 5:42 pm

ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണെന്നും കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് നടന്റെ ഫൈറ്റ് രംഗങ്ങളെന്നുമാണ് സുരേന്ദ്രന്‍ കുറിച്ചത്.

ചിത്രത്തിലെ രണ്ട് കുട്ടികളുടെ പ്രകടനത്തെക്കുറിച്ചും സുരേന്ദ്രന്‍ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികള്‍ മാളികപ്പുറം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കെ. സുരേന്ദ്രന്‍ പറഞ്ഞു.

”മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യിപ്പിക്കുന്ന മനോഹരമായ ഒരു സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.

‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും.

എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പും രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല,” കെ.സുരേന്ദ്രന്‍ കുറിച്ചു.

ഡിസംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്തത്. വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറം സംവിധാനം ചെയ്തത്. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപത്ത്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

content highlight: k. surendran about malikappuram movie