കോഴിക്കോട്: മന്ത്രി തോമസ്ചാണ്ടിയുടെ കേസ് ഹൈക്കോടതിയില്‍ വാദിക്കുന്നതിന് കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ വരുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറള്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് തെറ്റ് തിരുത്തണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംപിയായ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമായ നിലയില്‍ എത്തിച്ചെന്നും സോളാര്‍ കേസില്‍ ഉടുതുണി അഴിഞ്ഞുവീണ കോണ്‍ഗ്രസിന് ഇതുകൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും ഒരേ തൂവല്‍പക്ഷികള്‍ തന്നെ. ആത്മഹത്യാപരമെന്നേ ഈ നടപടിയെ വിശേഷിപ്പിക്കാനാവൂ എന്നും അദ്ധേഹം വ്യക്തമാക്കി.
മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് തോമസ് ചാണ്ടിക്കായി കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ രംഗത്തെത്തുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ വിവേക് തന്‍ഖ. അഭിഭാഷകനെന്ന നിലയിലാണ് താനെത്തിയതെന്നും എം.പി എന്ന നിലയിലല്ലെന്നും വിവേക് തന്‍ഖ മാധ്യമങ്ങളോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
തോമസ്സ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് എം. പി രംഗത്തുവന്നത് ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമായ നിലയിലെത്തിച്ചിരിക്കുകയാണ്. സോളാര്‍ കേസ്സില്‍ ഉടുതുണി അഴിഞ്ഞുവീണ കോണ്‍ഗ്രസ്സിന് ഇതു കൂടുതല്‍ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിലിടപെട്ട് തെറ്റു തിരുത്തണം. ചാണ്ടിയുടെ വെള്ളിക്കാശിനു മുന്നില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി മുട്ടുമടക്കുകയാണ്. ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും ഒരേ തൂവല്‍പക്ഷികള്‍ തന്നെ. ആത്മഹത്യാപരമെന്നേ ഈ നടപടിയെ വിശേഷിപ്പിക്കാനാവൂ.