അതിന് കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലല്ലോ? എം.ടി. രമേശിന്റെ വിമര്‍ശനത്തില്‍ സുരേന്ദ്രന്‍
Kerala News
അതിന് കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലല്ലോ? എം.ടി. രമേശിന്റെ വിമര്‍ശനത്തില്‍ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th September 2021, 2:56 pm

തിരുവനന്തപുരം: ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മിക ബോധം മറക്കുന്നുവെന്നായിരുന്നു രമേശിന്റെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി. അധികാരം ലഭിക്കാത്തവരാണ് ഭൂരിപക്ഷം പ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എം.ടി. രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എം.ടി. രമേശിന്റെ പരോക്ഷ വിമര്‍ശനം.

‘തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെയാണ് ദീന്‍ദയാല്‍ ഉപാധ്യായ പ്രവര്‍ത്തിച്ചത്. സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ്,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും കുഴല്‍-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തില്‍ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

മൂന്ന് വര്‍ഷമാണ് അധ്യക്ഷന്‍മാരുടെ കാലാവധി. ഇതിന് മുന്‍പ് കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയും അധ്യക്ഷന്‍മാരായപ്പോഴും കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല.

കേരളത്തില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. ഇത്തവണ ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റും പോയി 2% വോട്ടു കുറഞ്ഞു.

പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി, എം.ടി. രമേശ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendan reply on MT Ramesh BJP Conflict