| Monday, 4th March 2024, 12:15 pm

'ഭാഷയില്‍ മിതത്വം പാലിക്കാം'; പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്തിത്വത്തിനെതിരെയുള്ള പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.സി. ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

പി.സി. ജോര്‍ജിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും പാര്‍ട്ടി മനസിലാക്കുന്നുണ്ടെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

അനില്‍ ആന്റണിയെ അറിയാത്ത ആരും തന്നെ കേരളത്തില്‍ ഇല്ലെന്നും കേന്ദ്ര നേതൃത്വം പുറത്തുവിട്ട പട്ടികയിലെ മികച്ച സ്ഥാനാര്‍ത്ഥിയാണ് അനിലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെതിരെ പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് പി.സി ജോര്‍ജ് പറയുകയുണ്ടായി.

അനില്‍ ആന്റണിയാണ് പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. അനില്‍ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് തനിക്ക് അറിയില്ലെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനോ ശ്രീധരന്‍പിള്ളയോ മത്സരിക്കണമായിരുന്നെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഗതികേടാണ്. എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ ആഗ്രഹിച്ചത് ഞാന്‍ സ്ഥാനാര്‍ത്ഥി ആകണമെന്നാണ്. പത്തനംതിട്ടയില്‍ സീറ്റ് നിഷേധിച്ചതിനെതിരെ കേന്ദ്ര ബി.ജെ.പി നേതൃത്വത്തെ എന്റെ പരാതി അറിയിക്കും’, പി.സി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മറ്റൊരു സീറ്റിലും മത്സരിക്കാന്‍ തയ്യാറല്ലെന്നും പി.സി. കൂട്ടിച്ചേര്‍ത്തു.

അതേസമയം പി.സി. ജോര്‍ജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി പുറത്താക്കുകയും ചെയ്തിരുന്നു.

Content Highlight: K. Surednran against P.C. George’s statement

Latest Stories

We use cookies to give you the best possible experience. Learn more