| Saturday, 10th July 2021, 8:04 pm

കിറ്റക്‌സ് എന്തിന് കേരളം വിടുന്നു; പുകമറക്ക് പിന്നിലെ കാര്യകാരണങ്ങള്‍ ഇതാണ്‌

കെ. സുനില്‍ കുമാര്‍

കുറഞ്ഞ കൂലിക്ക് തൊഴിലാളികളെയും കുറഞ്ഞ വിലക്ക് ഭൂമിയും സൗജന്യ വൈദ്യുതിയും വാഹന ചെലവില്ലാതെയും തുച്ഛ വിലക്കും അസംസ്‌കൃത വസ്തുക്കളും നികുതി ഇളവുകളും വായ്പ – നിക്ഷേപവും കിട്ടിയാല്‍ ഏത് മുതലാളിമാരും അനുയോജ്യമായ സ്ഥലത്ത് വ്യവസായം തുടങ്ങും. കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ഏത് വ്യവസായിയുടെയും ലക്ഷ്യം.

ചലനശേഷി (mobility)യാണ് വ്യവസായത്തിന്റെ വളര്‍ച്ചയുടെ ലക്ഷണം തന്നെ.

അല്ലാതെ അവര്‍ ജനിച്ചു വളര്‍ന്ന സംസ്ഥാനത്തിന്റെ വികസനമോ നാട്ടുകാര്‍ക്ക് തൊഴില്‍ കൊടുക്കലോ ഒന്നും അവര്‍ക്ക് കാര്യമല്ല. അതൊന്നും ബിസിനസ് നടത്തുന്നവരുടെ ബാധ്യതയായി കരുതേണ്ടതുമില്ല.

പരമാവധി ലാഭമാണ് എത് വ്യവസായിയുടെയും ഉന്നം. അതിനിടയില്‍ കുറച്ച് പേര്‍ക്ക് തൊഴില്‍ ലഭിച്ചേക്കാം. പ്രാദേശികമായി വികസനം ഉണ്ടായേക്കാം.

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ ഇതിലെല്ലാം ഇളവുകള്‍ ലഭിക്കുന്ന സംസ്ഥാനമാണെങ്കില്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കിറ്റക്‌സ് തെലങ്കാനയില്‍ വ്യവസായം തുടങ്ങുന്നതിന് ഇതിലപ്പുറം ന്യായങ്ങളില്ല.

തെലങ്കാന സര്‍ക്കാര്‍ നല്‍കുന്ന ഉദാരമായ വാഗ്ദാനങ്ങള്‍ കിറ്റക്‌സ് കമ്പനിയുടെ വളര്‍ച്ചക്കും ലാഭ വര്‍ധനക്കും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് സാബു ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്.

ഉത്തര്‍ പ്രദേശും ഗുജറാത്തും തമിഴ്‌നാടും കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ നല്‍കിയാല്‍, നിക്ഷേപ സാധ്യതയുണ്ടെങ്കില്‍ അവിടെയും പുതിയ വ്യവസായങ്ങള്‍ തുടങ്ങിയേക്കാം.

അവര്‍ നല്‍കുന്ന പല വാഗ്ദാനങ്ങളും നടപ്പാക്കാന്‍ പല കാരണങ്ങളാല്‍ കേരളം പോലെ ഒരു സംസ്ഥാനത്തിന് കഴിയില്ല എന്നത് യാഥാര്‍ത്ഥ്യവുമാണ്. അഥവാ വാഗ്ദാനം ചെയ്താലും കൂടുതല്‍ മെച്ചം തെലങ്കാനയിലാണെങ്കില്‍ അവര്‍ പോകും.

അതിനപ്പുറം കേരളം ചവുട്ടി പുറത്താക്കി തുടങ്ങിയ സാബു ജേക്കബിന്റെ പരസ്യ പ്രതികരണങ്ങള്‍ തന്റെ പിതാവ് തുടങ്ങിയ ചെറിയ വ്യവസായം വളര്‍ത്തി വലുതാക്കാന്‍ സാഹചര്യമൊരുക്കിയ കേരളത്തോടുള്ള ദ്രോഹവും നിന്ദയും മാത്രമാണ്.

വീട് വിട്ടു പോകുന്ന സമയത്ത് സ്വന്തം തന്തയെയും തള്ളയെയും ചവിട്ടുന്ന അതേ മനോഭാവം.

20: 20 എന്ന രാഷ്ട്രീയ മോഹത്തിന് സാബു നടത്തിയ നിക്ഷേപത്തില്‍ ഉണ്ടായ നഷ്ടമായിരിക്കാം ഒരു പക്ഷെ അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പ് വിജയം മൂലധനമാക്കി നിയമസഭയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രവര്‍ത്തന ചെലവ് വേണ്ടിവന്നു.

ശമ്പളം പറ്റുന്ന നൂറുകണക്കിന് വളണ്ടിയര്‍മാര്‍, പ്രചാരണ ചെലവ്, മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്‍കിയ പരസ്യവും രഹസ്യവുമായ പ്രത്യുപകാരം ഇതിനെല്ലാം വലിയ തോതില്‍ പണം മുടക്കേണ്ടി വന്നു. പക്ഷെ കുന്നത്തുനാട്ടിലെങ്കിലും സ്വന്തം എം.എല്‍.എയും മറ്റിടങ്ങളില്‍ മുഖ്യ ശത്രുക്കളെ തോല്‍പ്പിക്കുകയും ചെയ്യുക എന്ന അജണ്ട ഫലം കണ്ടില്ല.

മാത്രമല്ല, എതിര്‍ത്തവരെയും സഹായിച്ചവരെയും ശത്രുക്കളാക്കി മാറ്റി. ശത്രുവിന്റെ ശത്രു മിത്രമായില്ലെന്ന് ചുരുക്കം. കുന്നത്തുനാട്ടിലെ തോല്‍വി സാബുവിന്റെ പ്രതിഛായക്കും പ്രതീക്ഷകള്‍ക്കും ഏല്‍പ്പിച്ച അപ്രതീക്ഷിത ആഘാതം വലുതാണ്. ഒരുപക്ഷെ അതായിരിക്കണം അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

തെരഞ്ഞെടുപ്പ് പരാജയത്തോടെ മുന്നോട്ടുപോകാന്‍ കഴിയാതായ 20:20 എന്ന രാഷ്ട്രീയ ബിസിനസില്‍ നിന്ന് തലയൂരാനുള്ള അവസരം കൂടിയായി സാബു തെലങ്കാനയിലെ നിക്ഷേപത്തെ കാണുന്നുണ്ടാകും. അല്ലെങ്കില്‍ അത് ബിസിനസിലും സ്വന്തം പ്രതിഛായക്കും കൂടുതല്‍ നഷ്ടം വരുത്തുമെന്ന് അദ്ദേഹം മനസിലാക്കിയിരിക്കും.

ആ ബിസിനസില്‍ പങ്കാളികളായി രംഗത്തെത്തിയ ചിറ്റിലപ്പള്ളിയില്‍ നിന്നോ ശ്രീനിവാസനില്‍ നിന്നോ സിദ്ദിഖില്‍ നിന്നോ കാര്യമായ നിക്ഷേപം ഉണ്ടായതുമില്ല. അതുകൊണ്ട് നഷ്ടം വരുന്ന ബിസിനസില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാതിരിക്കുകയാകും ബുദ്ധിയെന്ന് തിരിച്ചറിഞ്ഞു.
ഇതൊക്കെയാണ് വസ്തുതകള്‍.

അല്ലാതെ പരിശോധന നടത്തി കമ്പനി പൂട്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. കേരളത്തില്‍ നിന്ന് മുങ്ങാനുള്ള മറയായി ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇതൊന്നും തിരിച്ചറിയാതെയോ അറിഞ്ഞുകൊണ്ട് തന്നെയോ ആണ് ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ബി.ജെ.പിയുമെല്ലാം കിറ്റക്‌സ് പോയാല്‍ കേരളം മുടിഞ്ഞു പോകുമെന്ന വ്യാജം പ്രചരിപ്പിക്കുന്നത്.

കെ. സുനില്‍ കുമാര്‍

We use cookies to give you the best possible experience. Learn more