Kerala Politics
അടി തീരാതെ കോണ്‍ഗ്രസ്; കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കേണ്ടെന്ന് എ, ഐ ഗ്രൂപ്പുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 24, 08:19 am
Monday, 24th May 2021, 1:49 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തെങ്കിലും കോണ്‍ഗ്രസിലെ തര്‍ക്കം തീരുന്നില്ല. കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായേക്കുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ എതിര്‍പ്പുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.

സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്നാണ് എ, ഐ ഗ്രൂപ്പുകാര്‍ പറയുന്നത്. സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്നാണ് ചോദ്യം.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നും വിമര്‍ശനമുണ്ട്. തൊഴിലിനെയടക്കം പരിഹസിച്ച സുധാകരന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാല്‍ ആ വിഭാഗം ഒപ്പം നില്‍ക്കില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയം സുധാകരനെ പിന്തുണയ്ക്കുന്ന വിഭാഗവും ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: K Sudhakran KPCC Presient Congress