| Monday, 13th September 2021, 5:09 pm

കണ്ണൂരിലെ തോല്‍വിയ്ക്ക് കാരണം സുധാകരനും റിജില്‍ മാക്കുറ്റിയും; വിമര്‍ശനവുമായി മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം കെ.സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തികേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയത്.

കെ.സുധാകരനും, കോര്‍പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടിയെന്നാണ് ലീഗ് യോഗത്തിലെ വിമര്‍ശനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കടന്നപ്പള്ളി രാമചന്ദ്രന് 60,313 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സതീശന്‍ പാച്ചേനിക്ക് 58,568 വോട്ടുകളാണ് നേടിയത്. 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

കണ്ണൂര്‍ മണ്ഡലത്തില്‍ റിജില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് സതീശന്‍ പാച്ചേനിക്കായിരുന്നു.

റിജില്‍ മാക്കുറ്റി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നാണ് ലീഗ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍.

എടക്കാട്, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായത് വീഴ്ചയായെന്ന് ലീഗ് ചൂണ്ടിക്കാട്ടി. മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് വൈകാതെ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sudhakran Kannur Results Kerala Election 2021

We use cookies to give you the best possible experience. Learn more