തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ കുടുംബത്തില്‍ നിന്നുമാണ് സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ വാര്‍ത്ത വന്നത് തെറ്റിധാരണാജനകമാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ സ്ഥാനാര്‍ത്ഥിയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയതെന്നും സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടാകില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
എന്നാല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്നായിരുന്നു നേരത്തെ ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന്‍ പറഞ്ഞിരുന്നത്. ഇത് ഡൂള്‍ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുമെന്നും മകനാണോ മകളാണോ മത്സരിക്കേണ്ടതെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് അനിശ്ചിതത്ത്വമൊന്നുമില്ല. സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും. കുടുംബവുമായുള്ള ചര്‍ച്ച അനുശോചന യോഗത്തിന് ശേഷമായിരിക്കും നടക്കുക. ഉമ്മന്‍ ചാണ്ടിയുടെ മകനാണോ മകളാണോ മത്സരിക്കേണ്ടതെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടിയല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്, കുടുംബം നിര്‍ദേശിക്കുന്ന പേരായിരിക്കും പാര്‍ട്ടി സ്വീകരിക്കുക,’ എന്നായിരുന്നു സുധാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.
Content Highlight: K Sudhakaran withdraw his statement about puthuppally election