മതം മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാര് പറയുമെന്ന വി. മുരളീധരന്റെ പരാമര്‍ശത്തില്‍ മൗനം പാലിച്ച് കെ. സുധാകരന്‍; പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസും നജീബ് കാന്തപുരവും
Kerala News
മതം മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാര് പറയുമെന്ന വി. മുരളീധരന്റെ പരാമര്‍ശത്തില്‍ മൗനം പാലിച്ച് കെ. സുധാകരന്‍; പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസും നജീബ് കാന്തപുരവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 3:19 pm

കണ്ണൂര്‍: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് സഭയല്ലാതെ ആരുപറയുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരമാര്‍ശത്തിന് മൗനം പാലിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു വി. മുരളീധരന്റെ പരാമര്‍ശമുണ്ടായത്.

വി. മുരളീധരന്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു കെ. സുധാകരന്‍ വേദിയില്‍ സംസാരിച്ചത്. എന്നാല്‍ മുരളീധരന്‍ നടത്തിയ വര്‍ഗീയപരമായ പ്രസംഗത്തെ കുറിച്ച് ഒന്നും തന്നെ സുധാകരന്‍ പറഞ്ഞിരുന്നില്ല.

ഇസ്‌ലാമിക തീവ്രവാദികള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു, ജോലിയുള്ള പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടത്തുന്നു എന്നൊക്കെയാണ് മുരളീധരന്‍ പറഞ്ഞത്.

കെ. സുധാകരന് പിന്നാലെ സംസാരിക്കാനെത്തിയ ജോണ്‍ ബ്രിട്ടാസ് എം.പിയും നജീബ് കാന്തപുരവും മുരളീധരന്റെ പരാമര്‍ശത്തിന് മറുപടി നല്‍കിയതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

‘ഈ നാട്ടിലേക്ക് ഉത്തരേന്ത്യന്‍ ഭൂമികയിലുള്ള വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ജ്വാലയെ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. അത് ആര് ഈ വേദിയില്‍ നിന്ന് പറഞ്ഞാലും അതിനെ പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്. സ്റ്റാന്‍ സ്വാമിയെന്ന രക്തസാക്ഷിയെ മറന്നുകൊണ്ട് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.

വെറുപ്പും വിദ്വേഷവും അണപ്പൊട്ടിയൊഴുകുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള നന്മയാണ് കേരളം ലോകത്തിന് പറഞ്ഞുകൊടുക്കുന്നത്. അധികാരത്തിന്റെ ഗര്‍വുകൊണ്ട് ആട്ടിന്‍തോലിട്ട് ചെന്നായ്കളായി വരുന്നവരെ കരുതിയിരിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ എന്നുമാണ് ജോണ്‍ ബ്രിട്ടാസ് വേദിയില്‍ പറഞ്ഞത്.

മഹാത്മഗാന്ധിയെ വെടിവെച്ച് വീഴ്ത്തിയവര്‍ ഇന്ന് വലിയതോതില്‍ സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നതെന്നാണ് നജീബ് കാന്തപുരം പ്രതികരിച്ചത്.

‘സൗഹൃദവും സാഹോദര്യവും ഊട്ടുയുറപ്പിക്കാന്‍ എല്ലാ സമുദായങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. സംഘര്‍ഷം ഒരു സമൂഹത്തിനും ഗുണം ചെയ്യില്ല. മഹാത്മഗാന്ധി ഇന്ത്യയിലുയര്‍ത്തിപ്പിടിച്ച ഏറ്റവും വലിയ ആദര്‍ശത്തെ വെടിവെച്ച് വീഴ്ത്തിയവര്‍ ഇന്ന് വലിയതോതില്‍ സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നതിന്റെ വൈരുധ്യമാണ് നമുക്ക് കേള്‍ക്കാന്‍ സാധിച്ചത്.

ക്രിസ്തീയ സമുദായങ്ങളെല്ലാം തുന്നിച്ചേര്‍ത്ത പാരമ്പര്യമുള്ളവരാണ്. ഇന്ത്യയിലെ വര്‍ഗീയവാദികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന സമുദായം കൂടിയാണ് ക്രിസ്തീയ സമൂഹം. അവര്‍ പടച്ചുവിടുന്ന ഏറ്റവും ആപത്കരമായ ആയുധമാണ് ലവ് ജിഹാദ്.

മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ രക്ത ബന്ധമുള്ളവരും പൊക്കിള്‍കൊടി ബന്ധമുള്ളവരുമാണ്. ആ ബന്ധത്തിന്റെ ഐക്യവും സ്‌നേഹവും നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ സമൂഹം ഞങ്ങളുടെ അര്‍ധസഹോദരങ്ങളാണ്,’ നജീബ് കാന്തപുരം പറഞ്ഞു.

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് പല റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ടെന്നും അതില്‍ അന്വേഷണം നടത്തുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടതെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞിരുന്നത്.

‘ക്രൈസ്തവരായ പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാര് പറയും. ഇത്തരത്തില്‍ കേരളത്തിന്റെ എല്ലാ മേഖലയിലും സാന്നിധ്യമറിയിക്കുന്ന ഒരു സമുദായം പറയുമ്പോള്‍ അതില്‍ അന്വേഷണം നടത്തുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടത്.

അതിനുപകരം അങ്ങനെ പറയുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണോ വേണ്ടത്. മാത്രമല്ല, ഇത്തരത്തിലുള്ള അനാശാസ്യമായ മതതീവ്രവാദ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് ആദ്യം പറഞ്ഞത്. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് വരെയുണ്ട്.

ധാവാസ് ഗാര്‍ഡ് എന്ന പേരില്‍ ഈ ലക്ഷ്യത്തോടുകൂടി ഈ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് ഇംഗ്ലീഷ് പത്രം 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി തന്നെ ഇസ്‌ലാമിക തീവ്രവാദികള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു, ജോലിയുള്ള പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടത്തുന്നു എന്നൊക്കെയുള്ള പലകാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവുകള്‍ മുന്നിലുണ്ടായിട്ടും സഭയുടെ ആശങ്കകളെ മുഖവിലയ്ക്കെടുക്കാന്‍ ഇപ്പോഴും എന്തുകൊണ്ട് മടികാണിക്കുന്നു,’ വി. മുരളീധരന്‍ പറഞ്ഞു.

Content Highlights: K Sudhakaran was silent in V Muraleedharan’s hate speech