| Wednesday, 6th April 2022, 1:12 pm

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരും: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വിലക്ക് ലംഘിച്ച് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കിന്നില്ലെന്നാണ് കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

‘പുറത്ത് പോകാനുള്ള മനസുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. അല്ലെങ്കില്‍ പങ്കെടുക്കില്ലല്ലോ. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനം എടുത്താലേ പരിപാടിയില്‍ പങ്കെടുക്കൂ. അദ്ദേഹം പങ്കെടുക്കില്ലെന്നാണ് എന്റെ തിരിച്ചറിവും ഊഹവും. എം.വി. ജയരാജന് എന്തും പറയാം, ഞങ്ങള്‍ക്കവിടെ പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരമുണ്ട്.

അതിനെ ചവിട്ടിമെതിച്ച് സി.പി.ഐ.എമ്മിന്റെ വേദിയിലേക്ക് കയറി ചെല്ലാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും സാധിക്കില്ല. ഇത് കേരളത്തിലല്ലെങ്കില്‍ കോണ്‍ഗ്രസ് ഇത്രയും വാശിപിടിക്കില്ലായിരുന്നു. കേരളത്തില്‍ അത്രയും ഏകാധിപത്യപരമായ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് സന്ധി ചെയ്യാന്‍ ഞങ്ങളില്ല,’ കെ. സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ദയവായി കുടുങ്ങരുതെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ് നേരത്തെ പറഞ്ഞിരുന്നു. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.ഐ.എം എന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കെ.വി. തോമസിനെ ഹൈക്കമാന്റ് വിലക്കിയിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനം അറിയിക്കാമെന്നും കെ.വി. തോമസ് പറഞ്ഞത്.

Content Highlights: K Sudhakaran warns KV Thomas in attending CPIM Party Congress

Latest Stories

We use cookies to give you the best possible experience. Learn more