തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അഭിനേത്രിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ. സുധാകരന്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്രമേല്‍ ഗുരുതരമായ കണ്ടെത്തലുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ പിണറായി വിജയന്‍ മൂടിവെച്ചത് എന്തിനാണെന്ന് മലയാളികള്‍ക്ക് മനസിലാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് നേരത്തെ പ്രതികരിച്ചിരുന്നു.
രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഒരു ക്ലാര്‍ക്കിനെ പോലും സഹായത്തിനായി ഏര്‍പ്പെടുത്താതെ ഒറ്റക്കിരുന്ന് ഏറെ പ്രയാസപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയോട് കേരളത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം പാലേരി മാണിക്യം എന്ന സിനിമയുടെ ചര്‍ച്ചക്കിടെ രഞ്ജിത്തില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. പിന്നീട് തന്നെ ആ സിനിമയില്‍ നിന്നും മറ്റ് മലയാള സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും ശ്രീലേഖ പറഞ്ഞു.
‘അകലെ എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് ഞാന്‍ മലയാളത്തിലേക്ക് വന്നത്. അതിലെ അഭിനയം കണ്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഒരു ദിവസം പാലേരി മാണിക്യത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. എന്നാല്‍ ഞാന്‍ അതില്‍ പങ്കെടുക്കാതെ മാറി നിന്നു.
ഈ സമയം ഛായാഗ്രഹകന്‍ വേണുവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന രഞ്ജിത് ആ ഫോണ്‍ എനിക്ക് തന്നു. രഞ്ജിതിന്റെ കൂടെ റൂമിലേക്ക് ക്ഷണിക്കുകയും ഞാന്‍ പോകുകയും ചെയ്തു. വളരെ ഇരുണ്ട റൂമായിരുന്നു അത്, രഞ്ജിത് എന്റെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി,’ എന്നും ശ്രീലേഖ പറഞ്ഞു.
റൂമിലെത്തയ ശേഷം താന്‍ അപ്പോള്‍ തന്നെ ആ സിനിമയില്‍ നിന്ന് പിന്മാറിയെന്നും അക്കാര്യം അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ച് പറഞ്ഞെന്നും ശ്രീലേഖ പറഞ്ഞു. ആ രാത്രി തനിക്ക് മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മറ്റ് ഇന്‍ഡസ്ട്രികളും മാതൃകയാക്കണമെന്നും ശ്രീലേഖ പറയുകയുണ്ടായി.
എന്നാല്‍ അഭിനേത്രിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തി. ശ്രീലേഖ മിത്ര പാലേരിമാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നുമാണ് രഞ്ജിത്ത് പ്രതികരിച്ചത്. ശ്രീലേഖയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
Content Highlight: K.Sudhakaran wants Ranjith should be removed from the position of chairman of the film academy