ന്യൂദല്‍ഹി: ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെയാണ് പ്രതിപക്ഷ സഖ്യത്തെകുറിച്ചുള്ള സി.പി.ഐ.എം നിബന്ധനയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിന്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യവും നിര്‍ദേശിക്കാന്‍ സി.പി.ഐ.എം വളര്‍ന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘എവിടെ ജനങ്ങള്‍ പട്ടിണി കിടക്കുന്നോ അവിടെ കമ്മ്യൂണിസം ഉണ്ടാവുമെന്നാണ് പറയുക. എന്നാല്‍ പട്ടിണി കിടക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ എത്രയിടങ്ങളില്‍ കമ്മ്യൂണിസത്തിന് പച്ച പിടിക്കാന്‍ കഴിഞ്ഞു. ബംഗാള്‍, ത്രിപുര, കേരളം, പഞ്ചാബ്, ബീഹാര്‍, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായിരുന്നത്.
എന്നാല്‍ ആന്ധ്രയിലും പഞ്ചാബിലും ബീഹാറിലും ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടപ്പെട്ടു. ഇനി ഒരു കേരളം മാത്രമാണ് അവശേഷിക്കുന്നത്. അവിടെ കോണ്‍ഗ്രസിനെ പോലത്തെ ഒരു പാര്‍ട്ടിയോട് നിബന്ധന വെക്കുന്ന പാര്‍ട്ടിക്ക് 1.6 ശതമാനമാണ് ആകെ വോട്ട്. ഉറുമ്പ് ആനക്ക് കല്ല്യാണം ആലോചിച്ച കഥയുണ്ട്. ഈ ഘട്ടത്തില്‍ അതാണ് ഓര്‍മ വരുന്നത്.
ഇന്ത്യയില്‍ ഇന്നും 24 ശതമാനം വോട്ടുണ്ട് കോണ്‍ഗ്രസിന്. സി.പി.ഐ.എം രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവെച്ചാല്‍ പരമ പുച്ഛത്തോടെ എഴുതി തള്ളും. സി.പി.ഐ.എം അതിന് മാത്രം വളര്‍ന്നിട്ടില്ല. സി.പി.ഐ.എമ്മിന്റെ മാത്രം നിലപാട് അനുസരിച്ചല്ല ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി വിരുദ്ധ സഖ്യത്തില്‍ ഉള്‍പ്പെടാതിരിക്കാനാണ് സി.പി.ഐ.എം നേതാക്കളായ കോടിയേരിയും എസ്.ആര്‍.പിയും നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത്,’ സുധാകരന്‍ പറഞ്ഞു.