| Thursday, 18th March 2021, 9:27 pm

കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകൂ; കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ധര്‍മ്മടത്ത് മത്സരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ റോഡ് ടു വോട്ട് പരിപാടിക്കിടെയായിരുന്നു സുധാകരന്റെ പ്രതികരണം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യമില്ല. ദേശീയ തലത്തില്‍ വിമതര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്നും സുധാകരന്‍ പറഞ്ഞു.

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുന്ന രീതി കേരളത്തില്‍ മാറിവരികയാണെന്നും കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകുവെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ  കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് പത്രിക നല്‍കിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

നേരത്തെ സി. രഘുനാഥിനെ പാര്‍ട്ടി പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് വ്യാഴാഴ്ച ഉച്ചയോടെ വ്യക്തതയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കെ.സി വേണുഗോപാലും സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.

എന്നാല്‍ പാര്‍ട്ടി തീരുമാനത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍ പ്രചരണത്തിന് ആവശ്യത്തിന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്സരിക്കാനുള്ള ചുറ്റുപാടില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: K Sudhakaran Talks About Dharmadam Seat Controversy

We use cookies to give you the best possible experience. Learn more