കോഴിക്കോട്: ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് ഇ.എം.എസാണെന്ന് വിചിത്രവാദവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസസംരക്ഷണജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അനുനായികള്‍ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.”
എന്നാല്‍ തെറ്റായ പ്രസ്താവന നടത്തിയ സുധാകരന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന്റെ തന്നെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി മറുപടിയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് സി. കേശവനാണ് പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവും തിരു-കൊച്ചി മന്ത്രിയുമായിരുന്നു സി.കേശവന്‍. ശബരിമല ക്ഷേത്രം ആദ്യമായി കത്തി നശിച്ച സന്ദര്‍ഭത്തിലാണ് സി. കേശവന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ഇത് സംബന്ധിച്ച് വി.ടി ബല്‍റാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍മീഡിയയില്‍ സുധാകരനുള്ള മറുപടി പ്രചരിക്കുന്നത്.
കെ. സുധാകരന്റെ പ്രസംഗം വിവാദമായതോടെ ഇതുസംബന്ധിച്ച് വി.ടി. ബല്‍റാം എം.എല്‍.എ 2016 ആഗസ്റ്റ് 30 ന് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിട്ടുണ്ട്. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയം അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും തിരു-കൊച്ചി മന്ത്രിയായിരുന്ന സി. കേശവനാണെന്നും. ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താം എന്ന് ആഹ്വാനം ചെയ്തത് സാമൂഹ്യപരിഷ്‌കര്‍ത്താവ് വി.ടി. ഭട്ടതിരിപ്പാടാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.
ചരിത്രബോധം ഒട്ടുമില്ലാത്ത ചരിത്രനിര്‍മ്മിതിയില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ചിലരുടെ അറിവിലേക്കായി ഇപ്പോള്‍ എടുത്തുപറയുന്നുവെന്ന് മാത്രം എന്ന് പറഞ്ഞാണ് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.