ജെബി മേത്തര്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയല്ല; ഞാന്‍ കൊടുത്ത പട്ടികയിലുള്ള പേരാണത്: കെ. സുധാകരന്‍
Kerala News
ജെബി മേത്തര്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയല്ല; ഞാന്‍ കൊടുത്ത പട്ടികയിലുള്ള പേരാണത്: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 1:38 pm

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാര്‍ത്ഥിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താന്‍ കൊടുത്ത പട്ടികയില്‍ നിന്നുള്ള പേരാണ് ജെബി മേത്തറിന്റേതെന്ന് കെ. സുധാകരന്‍ പറഞ്ഞു.

താന്‍ എം. ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ല. കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സി.പി.ഐ.എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.

രാജ്യസഭാ സീറ്റിലേക്ക് ഹൈക്കമാന്റ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈക്കമാന്റിന് കെ.പി.സി.സി കൈമാറിയിരുന്നു.

ഇതില്‍ ജെബി മേത്തറിന്റെ പേരിനാണ് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത്. വനിത, യുവ, ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്കുവീണത്. 1980 ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു വിനിതയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്.

രാജ്യസഭാ സീറ്റിന് വേണ്ടി കെ.വി. തോമസ് എ.ഐ.സി.സി ആസ്ഥാനത്തെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റില്‍ ഇത്തവണ എ.കെ. ആന്റണി ഇല്ല എന്ന് വ്യക്തമായതോടെയാണ് കെ.വി. തോമസ് ആഗ്രഹം പ്രകടിപ്പിച്ചത്.

എന്നാല്‍ മുസ്‌ലിം പ്രാതിനിധ്യം എന്ന ഘടകം കൂടിയാണ് ജെബി മേത്തറിന് അനുകൂലമായത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത വരുന്നത്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവായ കെ.എം.ഐ. മേത്തറുടെ മകളും, മുന്‍ കെ.പി.സി.സി പ്രസിഡണ്ട് ടി.ഒ. ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തര്‍.

അതേസമയം, സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ അവര്‍ക്ക് ബി.ജെ.പിയുടെയോ എസ്.ഡി.പി.ഐയുടെ പരിപാടിയില്‍ പോകാന്‍ തടസമില്ല. അതൊരു പുതിയ സഖ്യമാണ്, അങ്ങനെയുള്ള അവരെങ്ങനെ ബി.ജെ.പിയെ നേരിടുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ചോദിച്ചിരുന്നു.


Content Highlights: K Sudhakaran speaks about Jeby Mather’s candidation