| Saturday, 22nd October 2022, 12:04 pm

എല്‍ദോസിന് ഒരു നിയമം കടകംപള്ളിക്ക് മറ്റൊരു നിയമം എന്നൊന്നില്ല; സ്വപ്‌നയുടെ ആരോപണത്തില്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന സുരേഷ് സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്.

ലൈംഗികാതിക്രമ ആരോപണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കാമെങ്കില്‍ സ്വപ്‌നയുടെ ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും പ്രതികരിക്കണം. സംസ്ഥാനത്ത് എല്‍ദോസിന് ഒരു നീതി എന്നോ സി.പി.ഐ.എം നേതാക്കള്‍ക്ക് മറ്റൊരു നീതിയെന്നോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്‍ദോസിനെതിരെ കേസെടുക്കണമെങ്കില്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരേയും കേസെടുക്കണം. എന്തുകൊണ്ട് എടുക്കണ്ട? സംസ്ഥാനത്ത് എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവുമാണോ? എല്ലാവര്‍ക്കും ഒരു നിയമമല്ലേ? അങ്ങനെയാണെങ്കില്‍ ഇവര്‍ക്കെതിരേയും കേസെടുക്കണം,’ കെ.സുധാകരന്‍ പറയുന്നു.

അതേസമയം സി.പി.ഐ.എം നേതാക്കള്‍ ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന അഭിമുഖത്തില്‍ ഉന്നയിച്ചിരുന്നത്.

മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന രംഗത്തെത്തിയത്.

തോമസ് ഐസക് തന്നെ മൂന്നാറില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ക്ഷണിച്ചതായി സ്വപ്ന ആരോപിച്ചു. പി. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാനാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ലൈംഗികമായി ഫ്രസ്‌ട്രേറ്റഡ് ആണെന്നും സ്വപ്‌ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശ്രീരാമകൃഷ്ണന്‍ കോളേജ് കുട്ടികളെ പോലെയാണ് പെരുമാറിയിരുന്നതെന്നും അനാവശ്യമായി സന്ദേശമയക്കുകയും മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് സ്വപ്‌ന പറയുന്നത്. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നും കടകംപള്ളി തന്നെ മുറിയിലേക്ക് വരാന്‍ പറഞ്ഞ് വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും സ്വപ്‌ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlight: K sudhakaran slams cpim says action should be taken against leaders in sexual assault complaints

We use cookies to give you the best possible experience. Learn more