| Tuesday, 21st February 2023, 11:34 pm

കളമശ്ശേരി സി.ഐയോട്, ഏത് മനുഷ്യന്റെ ശരീരത്തില്‍ നിന്നും ചോര പൊടിയും; കോണ്‍ഗ്രസ് പലതും വേണ്ടെന്ന് വെക്കുന്നതാണ്: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് കയ്യേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സി.ഐ.പി.എം ഗുണ്ടകളായ പൊലീസിനെ ഉപയോഗിച്ചാല്‍ വലിയ രീതിയില്‍ അതിന്റെ തിരിച്ചടി കേരള പൊലീസ് നേരിടേണ്ടി വരുമെന്ന് സുധാകരന്‍ പറഞ്ഞു. ‘കേരളാ പൊലീസിനോടാണ്’ എന്ന തലവാചകത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ

കളമശ്ശേരി സി.ഐക്കെതിരെയും വലിയ വിമര്‍ശനമാണ് കെ. സുധാകരന്‍ ഉന്നയിച്ചത്.

‘പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല, നിയമപാലനം ആണ് തന്റെ തൊഴില്‍ എന്ന് കളമശ്ശേരി സി.ഐ. ഓര്‍ത്താല്‍ നന്ന്. കോണ്‍ഗ്രസ് പലതും വേണ്ടെന്ന് വെക്കുന്നത് കൊണ്ടുമാത്രമാണ് ഇപ്പോഴും കാക്കിയുമിട്ട് താന്‍ നടക്കുന്നത്.

ഏത് മനുഷ്യന്റെ ശരീരത്തില്‍ അടി കൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും, അവരുടെ കുടുംബങ്ങള്‍ക്കും നോവും.

പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയും അടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെ.പി.സി.സി അഭിവാദ്യം ചെയ്യുന്നു. കേരള ജനതക്ക് വേണ്ടിയുള്ള ഈ വലിയ പോരാട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസിന്റെ കുട്ടികളോടൊപ്പം ഇനി ഞങ്ങളും ഇറങ്ങുകയാണ്. തടയാന്‍ ധൈര്യമുള്ള പോലീസുകാര്‍ക്ക് കോണ്‍ഗ്രസിന്റെ സമര മുഖങ്ങളിലേക്ക് കടന്നു വരാം,’ കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന നികുതി പിന്‍വലിക്കുക, മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് കളമശ്ശേരിയില്‍ മാര്‍ച്ച് നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പിലായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ഷാഫി മടങ്ങിയ ശേഷമാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായത്.

Content Highlight: K. Sudhakaran severely criticized the police encroachment on the Youth Congress march in Kalamassery

We use cookies to give you the best possible experience. Learn more