| Sunday, 24th December 2023, 3:59 pm

കേരളം ഉത്തരകൊറിയയല്ല; പിണറായി വിജയനെ ഏകാധിപതിയായി വാഴാന്‍ സമ്മതിക്കില്ലെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവകേരള സദസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍, അദ്ദേഹത്തിന് ആദ്യം നാക്ക് പിഴച്ചതാണെന്നാണ് കരുതിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എന്നാല്‍ മുഖ്യമന്ത്രി ഈക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത് ബോധപൂര്‍വമാണെന്ന് മനസിലാക്കുന്നുവെന്ന് കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജീവന്‍രക്ഷാ പ്രവര്‍ത്തനമാണ് നടന്നതെന്ന് ഒരു വിശ്വാസപ്രമാണം പോലെയാണ് മുഖ്യമന്ത്രി പറയുന്നതെന്നും വിവരമുള്ളവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മര്‍ദനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ പുച്ഛിക്കുവാനും ജീവന്‍രക്ഷാ പ്രവര്‍ത്തനം മാത്രമേ കണ്ടിട്ടുള്ളുവെന്നും പറഞ്ഞ് ധാര്‍ഷ്ട്യം കാണിക്കാനും മാത്രമേ മുഖ്യമന്ത്രിക്ക് കഴിയുകയുള്ളുവെന്നും കെ. സുധാകരന്‍ വിമര്‍ശിച്ചു. ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ ആക്രമണത്തെ കേരളത്തിലെ മന്ത്രിമാരും പൊലീസും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച യൂത്ത്കോണ്‍ഗ്രസുകാരുടെ പേരില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തത് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കരിങ്കൊടി കാണിക്കാന്‍ പോലും അവകാശമില്ലാത്ത കേരളം, ഇത് ഉത്തര കൊറിയയല്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകാധിപതിയെ പോലെ ഭരിക്കാന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം സാധിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും പിണറായി വിജയന്റെ നവകേരള സദസും തമ്മില്‍ താരത്യമപ്പെടുത്താന്‍ കഴിയുമോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മാധ്യമങ്ങളോട് ചോദിച്ചു. മുഖ്യമന്ത്രിയുടെ നടപടികളില്‍ മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു.

പൊലീസിന്റെ നരനായാട്ടിനെതിരെ ഡിസംബര്‍ 27ന് ബ്ലോക്ക് തലത്തില്‍ സര്‍ക്കാരിനെതിരെ വ്യാപകമായി പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഫാസിസ്റ്റ് വിമോചന സദസ് എന്നാണ് പരിപാടിയുടെ പേരെന്നും സുധാകരന്‍ വ്യക്തമാക്കി. 2024 മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കമില്ലാത്ത രാവുകളായിരിക്കുമെന്നും കെ. സുധാകരന്‍ മന്നറിയിപ്പ് നല്‍കി.

അന്യായമായി തടവില്‍ വെച്ചവര്‍ക്ക് നീതി ലഭിക്കുന്നതിനായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അതിനായി കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Content Highlight: K. Sudhakaran says will not accept Pinarayi Vijayan to rule as a dictator

We use cookies to give you the best possible experience. Learn more