കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരെ; ഫ്‌ളൈഇന്‍ കേരള എന്ന് പേരിടാം: കെ. സുധാകരന്‍
Kerala News
കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരെ; ഫ്‌ളൈഇന്‍ കേരള എന്ന് പേരിടാം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 11:04 am

തിരുവനന്തപുരം: കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ പോലെ വിമാനം സര്‍വീസ് നടത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെയെന്ന് കെ. സുധാകരന്‍ ചോദിച്ചു.

എല്ലാ ദിശയിലേക്കും ഓരോ വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക, അത് തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും.

നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും ₹1000 കോടിക്ക്.
അതിന് ₹1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ.

അതുപോലെ തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് അഞ്ചിന്ന് പുറപ്പെട്ടാല്‍ ഏഴരയാകുമ്പോള്‍ കണ്ണൂരിലെത്താം. നമുക്ക് ഈ പദ്ധതിക്ക് ഫ്‌ളൈഇന്‍ കേരള എന്ന് പേരിടാം.

കെ. ഫോണും, കെ റെയിലും, കൊക്കോണിക്‌സുമൊക്കെ കേട്ട് നമ്മള്‍ മടുത്തില്ലെ. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അര്‍ത്ഥമാക്കുന്നു ഫ്‌ളൈഇന്‍ കേരള പ്രയോഗം.

ഫ്‌ളൈഇന്‍ കേരള വിമാനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ടിക്കെറ്റുത്താല്‍ മതി. ഇനി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല.

ഒമ്പത് മണിക്കുള്ള ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കില്‍ പത്ത് മണിക്കുള്ളതിന് പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഒരു എ.സി ബസ് പോലെ.

ചെക്കിന്‍ ലഗേജ് ഉള്ളവര്‍ ഒരു മണിക്കൂര്‍ മുമ്പേയും ഇല്ലാത്തവര്‍ അരമണിക്കൂര്‍ മുമ്പേയും എത്തിയാല്‍ മതി. ഇനി അഥവാ ഫ്‌ളൈറ്റ് നിറഞ്ഞെങ്കില്‍ പരമാവധി ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമേയുള്ളു. ഈ പദ്ധതി വിജയിച്ചാല്‍ എല്ലാ മണിക്കൂറിലും വിമാനമുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

കെ റെയില്‍ സര്‍വേകല്ല് സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ നടന്നിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ അബദ്ധ പഞ്ചാംഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

കെ റെയില്‍ പദ്ധതിക്കെതിരെ എന്ന പേരില്‍ പ്രതിപക്ഷം കേരളത്തെ നന്ദിഗ്രാമം പോലെയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു.


Content Highlights: K Sudhakaran says there is no need of K Rail it can replace through a Flight