| Wednesday, 4th May 2022, 8:36 pm

കോണ്‍ഗ്രസിലേക്ക് സി.പി.ഐ.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെ കുത്തൊഴുക്കാണ്: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ കുത്തൊഴുക്കാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നാടിന്റെ നന്മയ്ക്ക് കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കണമെന്ന തിരിച്ചറിച്ച് കൂടുതല്‍ ജനങ്ങളിലുണ്ടാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് വിവിധ രാഷ്ട്രീയകക്ഷികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് വന്നവര്‍ക്കുള്ള സ്വീകരണന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികരണം.

‘പാലക്കാട് ജില്ലയില്‍ ശ്രീ. പി ബാലചന്ദ്രന്‍, ശ്രീ. ആര്‍ പങ്കജാക്ഷന്‍, ശ്രീ. കേശവദേവ് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഐ.എം, ബി.ജെ.പി, ജനതാദള്‍ തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നും ആയിരത്തിലേറെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് അഭിനന്ദനങ്ങള്‍,’ സുധാകരന്‍ ഫേസ്ബുക്കില്‍ എഴുതി.

ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തിലായിരുന്നു കണ്‍വെന്‍ഷന്‍. ജനാധിപത്യമൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയോരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ. സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമരാഷ്ട്രീയവും അരാഷ്ട്രീയവും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പാലക്കാട്ട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൂര്‍ണമായും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ജാതിമതരാഷ്ട്രീയത്തെ തലോടുന്ന നിലപാടാണ് സി.പി.ഐ.എമ്മിന്റേത്. മണിക്കൂറുകള്‍ക്കകം രണ്ട് കൊലപാതകങ്ങള്‍ നടന്നതും സംസ്ഥാനത്തിന്റെ ക്രമസമാധന നില തകര്‍ന്നതിന് തെളിവാണെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസത്തിന് പ്രസക്തി നഷ്ടപ്പെട്ടു. പശ്ചിമബംഗാളില്‍ ഇല്ലാതായതുപോലെ ഇവിടെയും കമ്യൂണിസം തകരും. മത നിരപേക്ഷ മുന്നണി കോണ്‍ഗ്രസില്ലാതെ നടപ്പാവില്ല. രാജ്യത്ത് ബി.ജെ.പിയോട് കിടപിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മാത്രമേ കഴിയൂ. ബി.ജെ.പിയോട് പിണറായി വിജയനും സര്‍ക്കാരിനും മൃദു സമീപനമാണെന്നും സുധാകരന്‍ പറഞ്ഞു.

CONTENT HIGHLIGHTS: K. Sudhakaran says the influx of activists from the CPI (M) and the BJP into the Congress

We use cookies to give you the best possible experience. Learn more