തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ചില നേതാക്കന്മാരാണെന്നും ഇടങ്കോലിട്ട് പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചാല്‍ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ഉണ്ടാക്കിയ ആത്മവിശ്വാസത്തിന് മുകളിലാണ് പ്ലീനറി സമ്മേളനവും അതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളും. കോണ്‍ഗ്രസ് സമ്പൂര്‍ണതയിലേക്ക് തിരിച്ചുപോകുകയാണ്. കേരളത്തിലെ ഘടക കക്ഷികള്‍ക്കിടയിലും ഒരു ആത്മവിശ്വാസമുണ്ടാകുന്നുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ചില നേതാക്കന്മാരാണ്. പാര്‍ട്ടിക്കകത്ത് ഐക്യമുണ്ടാക്കുന്നത് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കേണ്ടി വരും. ഇവരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍,’ സുധാകരന്‍ പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഇനി സ്ഥാനമില്ലെന്നും ഇപ്പോഴത്തെ നേതൃത്വം ഗ്രൂപ്പ് രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗ്രൂപ്പ് രാഷ്ട്രീയത്തെ നിലവിലെ നേതൃത്വം അംഗീകരിക്കുന്നില്ല. അങ്ങനെ സംശയമുള്ളവര്‍ അത് മാറ്റിവെക്കണം. എല്ലാ നേതാക്കളോടും ചര്‍ച്ചയുണ്ടാകും. കുറച്ചുകാലമായി ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചിന്താഗതിയില്‍ അടഞ്ഞുപോയ ഒരുപാട് നേതാക്കന്മാരുണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. അത് താഴെ തട്ട് മുതല്‍ മുകള്‍ തട്ട് വരെയുണ്ട്. അത്തരം ആളുകളെ പുതിയ നേതൃത്വം മോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,’ സുധാകരന്‍ പറഞ്ഞു.
തന്റെ സേവനം എന്ന് പാര്‍ട്ടിക്ക് വേണ്ട എന്ന് തോന്നുന്നുവോ അപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്നും, അത് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദന്‍ നയിക്കുന്ന യാത്രയെ കാര്യമാക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആ പാര്‍ട്ടിയിലെ സാധാരണ അംഗങ്ങള്‍ പോലും തൃപ്തരല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: K. Sudhakaran says Some leaders are enemies of Congress in Kerala