തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ചില നേതാക്കന്മാരാണെന്നും ഇടങ്കോലിട്ട് പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചാല്‍ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ഉണ്ടാക്കിയ ആത്മവിശ്വാസത്തിന് മുകളിലാണ് പ്ലീനറി സമ്മേളനവും അതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളും. കോണ്‍ഗ്രസ് സമ്പൂര്‍ണതയിലേക്ക് തിരിച്ചുപോകുകയാണ്. കേരളത്തിലെ ഘടക കക്ഷികള്‍ക്കിടയിലും ഒരു ആത്മവിശ്വാസമുണ്ടാകുന്നുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ചില നേതാക്കന്മാരാണ്. പാര്‍ട്ടിക്കകത്ത് ഐക്യമുണ്ടാക്കുന്നത് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കേണ്ടി വരും. ഇവരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍,’ സുധാകരന്‍ പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഇനി സ്ഥാനമില്ലെന്നും ഇപ്പോഴത്തെ നേതൃത്വം ഗ്രൂപ്പ് രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.