ന്യൂദല്‍ഹി: ഒരു കാലത്തും കോണ്‍ഗ്രസ് ഒറ്റപ്പെട്ടുപോകില്ലെന്നും വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേരിടാന്‍ തയ്യാറാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
ജനങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കേണ്ടി വരില്ലെന്ന പൂര്‍ണ വിശ്വാസം കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പന്നാലെ ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.
രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയ കിരാതമായ നടപടി ഏറ്റവുമധികം വേദനിപ്പിച്ചത് കേരളത്തെയാണെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗം സൃഷ്ടിക്കുകയാണെങ്കില്‍ ജനം ആ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും സുധാകരന്‍ പറഞ്ഞു.
‘എം.പി എന്നതിനേക്കാള്‍ കേരളത്തിന്റെ ഒരു മകനെപ്പോലെയായിരുന്നു രാഹുല്‍. എല്ലാവരുടെയും സ്നേഹവും ആദരവും അദ്ദേഹം നേടി. അദ്ദേഹത്തിനെതിരെ ഉണ്ടായ മിന്നലാക്രമണത്തിന്റെ ഷോക്കിലാണ് നാമെല്ലാവരും.
ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെ, ഞങ്ങള്‍ നേരിടാന്‍ തയാറാണ്. ആരു ഭരിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ,’ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: K. Sudhakaran Says Ready to face any by-elections announce in Wayanad