കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാരകന്റെ പ്രതികരണം.
എല്‍.ഡി.എഫിന്റെ പ്രചരണം കണ്ട് കോണ്‍ഗ്രസിന് ഹാലളകിയിട്ടില്ല. ഹാലളകിയത് മുഖ്യമന്ത്രിക്കാണ്. ഒരു മുഖ്യമന്ത്രിയാണെന്ന ബോധം അദ്ദേഹത്തിന് വേണം. ഒരു നിയോജകമണ്ഡലത്തില്‍ തേരാപാരാ നടക്കുകയാണ് അദ്ദേഹം പറഞ്ഞു. ഒരു ബൈ ഇലക്ഷനില്‍ നായി ചങ്ങല പൊട്ടിച്ച് വരുന്നതുപോലെയല്ലെ അദ്ദേഹം നടക്കുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാനാരുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
വികസനത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്നവര്‍ ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ആദ്യം വായിക്കണം. രാജ്യത്തെ വികസനത്തിന്റെ ഒറ്റ അവകാശി കോണ്‍ഗ്രസാണ്.
1947ല്‍ സ്വാതന്ത്യം കിട്ടുമ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥ പരിതാപകമായിരുന്നു. ആ നാട് ഇന്ന് വികസന വഴിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. കേരളത്തിന്റെ വികസനത്തില്‍ എല്‍.ഡി.എഫിന് വല്ല പങ്കും ഉണ്ടെങ്കില്‍ അത് കാണിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് യോഗത്തില്‍ എല്‍.ഡി.എഫ് 100 സീറ്റ് തികയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മണ്ഡലത്തിലെ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികണം.
അതേസമയം, തൃക്കാക്കരയില്‍ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണ് നടക്കാന്‍ പോകുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വികസനം വേണമെന്ന് പറയുന്നവര്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കണ്ട. കണക്കേ നോക്കാന്‍ പാടില്ല. ഇതൊരു പുതിയ തെരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
‘വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? ഒരിക്കലും ജയിക്കാത്ത പാലായില്‍ ജയിച്ചില്ലേ? കോന്നി, ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളില്‍ വരുന്ന മാറ്റമാണ് ഇലക്ഷനില്‍ പ്രതിഫലിക്കുക. രാഷ്ട്രീയ സ്ഥിതി നമുക്കനുകൂലമാണ്,’ കോടിയേരി പറഞ്ഞു.