തിരുവനന്തപുരം: ശിവശങ്കരന്‍ വായ തുറന്നാല്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ വീഴുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കരന് മാത്രം ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം. ശിവശങ്കരന്‍ ഗ്രന്ഥരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ ഉരുണ്ടുകളിച്ച മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടിവന്നത് ഗത്യന്തരമില്ലാതെയാണെന്നും സുധാകരന്‍ പറഞ്ഞു.
സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ ഒരൊറ്റ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്ഥനെ സംരക്ഷിക്കുകയാണ്. സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാകില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണെന്നും സുധാകരന്‍ പറഞ്ഞു.
‘രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇ.ഡി അന്വേഷണങ്ങള്‍ നേരിടുന്ന ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടി.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കറിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ബി.ജെ.പി-സി.പി.ഐ.എം സഖ്യം കൂടുതല്‍ വ്യക്തമാകുകയാണ്.
താന്‍ ടിഷ്യൂ പേപ്പര്‍ കൊടുത്താലും അതിലൊപ്പിടുന്ന വിഡ്ഢിയാണ് പിണറായി വിജയന്‍ എന്ന് ശിവശങ്കരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ഈ അവസരത്തില്‍ കേരളത്തിന്റെ പൊതുസമൂഹം ഒന്നടങ്കം ഒരു ചോദ്യമുയര്‍ത്തുകയാണ്,
ചട്ടലംഘനം നടത്തിയ ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ പിണറായി വിജയന് നട്ടെല്ലുണ്ടോ?,’ കെ. സുധാകരന്‍ ചോദിച്ചു.
എം. ശിവശങ്കര്‍ പുസ്തകം എഴുതാന്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.
എം. ശിവശങ്കര്‍, ‘അശ്വാത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ എഴുതിയ പുസ്തകം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ പുസ്തകം എഴുതാന്‍ ശിവശങ്കര്‍ അനുമതി തേടിയിരുന്നോ എന്ന് നജീബ് കാന്തപുരം എം.എല്‍.എയാണ് ചോദ്യം ഉന്നയിച്ചത്.
ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പുസ്തകം എഴുതിയതെന്ന് മുഖ്യമന്ത്രിസഭയെ അറിയിച്ചത്. നേരത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ ശിവശങ്കറിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
Content Highlights: K. Sudhakaran says If M. Sivasankaran opens his mouth, Pinarayi Vijayan’s government will fall