കണ്ണൂര്‍: തന്നെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ ധാരണയായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കെ.പി.സി.സി പ്രസിഡന്റകാന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ നയിക്കാന്‍ ഉണ്ടാക്കിയ പത്തംഗ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് മുഴുവന്‍ കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷനാകാന്‍ ആര്‍ത്തി പൂണ്ട് ഇരിക്കുന്ന ആളല്ല താനെന്നും സുധാകരന്‍ പറഞ്ഞു.
എന്റെ നിലപാട് വളരെ വ്യക്തമാണ്. ഞാന്‍ കെ.പി.സി.സി അധ്യക്ഷ പദവിയ്ക്ക് വേണ്ടി ആറ്റു നോറ്റ് ഇരിക്കുന്നയാളല്ല. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചാല്‍ സത്യസന്ധമായി ആ ചുമതല നിറവേറ്റും.
പ്രസിഡന്റ് ആവാന്‍ ആര്‍ത്തി പൂണ്ട് ഞാന്‍ ആരുടെ മുന്നിലും പോയി കൈനീട്ടിയിട്ടില്ല. ഞാന്‍ ദല്‍ഹിയില്‍ പോലും പോയില്ലല്ലോ. എനിക്കും ക്ഷണമുണ്ടായിരുന്നു.
പത്തംഗ സമിതിയില്‍ അംഗമെന്ന നിലയ്ക്ക് പാര്‍ട്ടി തരുന്ന ഏത് ജോലിയും സത്യസന്ധമായി ചെയ്ത് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന വാര്‍ത്തകളെയും സുധാകരന്‍ തള്ളി. മുല്ലപ്പള്ളി മത്സരിച്ച് ജയിച്ചാല്‍ ആ നിലയ്ക്ക് വരുന്ന കെ.പി.സി.സി ഒഴിവ് സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുകയെന്നും സുധാകരന്‍ പറഞ്ഞു.
നിലവിലെ കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ബലപ്പെട്ടതിന് പിന്നാലെ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് കെ. സുധാകരന് സാധ്യതയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K Sudhakaran says he won’t be the next KPCC president