| Sunday, 31st October 2021, 6:26 pm

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ചെറിയാന്‍ ഫിലിപ്പിന് സീറ്റ് നല്‍കണമോ എന്ന കാര്യം പിന്നീട് പറയും; കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ് മത്സരിക്കുമോ എന്ന കാര്യം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, ഒഴിവുവന്ന രാജ്യസഭാ സീറ്റ് ഇടതുമുന്നണി കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്റേതാണെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ, പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്.

യു.ഡി.എഫിലായിരിക്കെ രാജ്യസഭാ സീറ്റ് ഇടഞ്ഞ് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് നല്‍കിയത് അന്ന് കോണ്‍ഗ്രസ്സിലും മുന്നണിയിലും വലിയ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്. പിന്നീട്, കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ട് ഇടതു് മുന്നണിയിലെത്തിയതോടെയാണ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചത്.

സീറ്റ് ആര്‍ക്കാവും നല്‍കുക എന്നതിനെ സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റില്‍ നവംബര്‍ 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16 ആണ്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടത് കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: K. Sudhakaran says, Congress will contest in Rajyasabha Election

We use cookies to give you the best possible experience. Learn more