| Friday, 9th April 2021, 12:18 pm

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആകാശ് തില്ലങ്കേരിയ്ക്കും പങ്കുണ്ട്; തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയ്ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പൊലീസ് നാടകം കളിക്കുകയാണെന്നും കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ആകാശ് തില്ലങ്കേരി രാവിലെ അദ്ദേഹത്തിന്റെ ബൂത്തില്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പാനൂരില്‍ പോയിട്ടുണ്ട്. ആ സമയത്ത് ആകാശിനെ അവിടെ കണ്ടവരുണ്ട്. ആകാശിന്റെ സാന്നിദ്ധ്യം പാനൂരിലും പരിസരത്തും ഉണ്ടായിരുന്നുവെന്ന് വ്യക്തമായ സൂചനകള്‍ നമുക്ക് കിട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അദ്ദേഹത്തെ കണ്ട സാക്ഷിയെ ഞങ്ങള്‍ ഹാജരാക്കാം,’ സുധാകരന്‍ പറഞ്ഞു.

ശുഹൈബ് വധത്തിന് നേതൃത്വം നല്‍കിയയാളാണ് ആകാശ് തില്ലങ്കേരിയെന്നും അതുതന്നെ ഗൂഢാലോചനയുടെ തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബിനെ കൊന്ന അതേ രീതിയിലാണ് പാനൂരിലേയും കൊലപാതകമെന്നും രണ്ട് കൊലപാതകത്തിനും സാമ്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ വെട്ടേറ്റാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്. സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളുമായി കോഴിക്കോട് ചികിത്സയിലാണ്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്‌സിന്‍ പറഞ്ഞിരുന്നു. കണ്ടാല്‍ അറിയുന്നവരാണ് ഇവരെന്നും മുഹ്‌സിന്‍ പറഞ്ഞു.

തന്നെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും ആക്രമിക്കുന്നത് കണ്ട് തടയാന്‍ വന്നതായിരുന്നു തന്റെ സഹോദരന് മന്‍സൂര്‍ എന്നും മുഹ്‌സിന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K Sudhakaran Response In Panoor Murder Case

We use cookies to give you the best possible experience. Learn more