കോണ്‍ഗ്രസ് ഇപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്; ഒരു നേതാവ് എന്തെങ്കിലും കടലാസിലെഴുതി കാണിച്ചാല്‍ തലയാട്ടുന്നവരല്ല ഞങ്ങള്‍: കെ. സുധാകരന്‍
ന്യൂദല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ത്ഥി മാനദണ്ഡത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വെള്ളിയാഴ്ചയിലേക്ക് കെ.പി.സി.സി സ്ഥാര്‍ത്ഥികളെ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
‘യുവാക്കളെ പരിഗണിക്കാനാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. എം. ലിജു സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്. ഹൈക്കമാന്റ് ആരുടേയും പേര് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.
എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യം കൊടുക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്, ഇതാണ് ഈ പാര്‍ട്ടിയുടെ പ്രത്യേകത. ഒരു നേതാവ് എന്തെങ്കിലും കടലാസിലെഴുതി തൂക്കി കാണിച്ചാല്‍ തലയാട്ടുന്നവരല്ല ഞങ്ങള്‍. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കും.
ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ വന്നാല്‍ പരിഗണിക്കേണ്ടി വരും. പാര്‍ട്ടിക്കാര്‍ക്ക് അറിയാത്ത ആളൊന്നുമല്ല ശ്രീനിവാസന്‍. കരുണാകരന്റെ സെക്രട്ടറിയായി കേരള രാഷ്ട്രീയത്തില്‍ സജീവമായി നിന്നിരുന്നയാളാണ്.
ആരുടെ പേരുയര്‍ന്ന് വന്നാലും എതിര്‍ അഭിപ്രായം ഉണ്ടാകും. അത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി തലത്തിലുണ്ട്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും തീരുമാനം രണ്ട് കയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണിത്,’ സുധാകരന്‍ പറഞ്ഞു.
എന്നാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന് കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് മുരളീധരന്‍ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരന്‍ പറഞ്ഞത്.
എം. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കെ.പി.സി.സി ഭാരവാഹികള്‍ എ.ഐ.സി.സിക്കും കത്തയച്ചിട്ടുണ്ട്.
Content Highlights: K Sudhakaran says about Rajyasabha candidtes in congress