| Monday, 11th April 2022, 2:25 pm

കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്; കെ.വി. തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണ്: സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ ഒരു ഇടനിലക്കാരന്‍ ഉണ്ടെന്ന് തങ്ങള്‍ കരുതുകയാണെന്നും സുധാകരന്‍ പറഞ്ഞു.

അഖിലേന്ത്യ തലത്തില്‍ സി.പി.ഐ.എമ്മിനെ നിയന്ത്രിക്കുന്നത് കേരളത്തില്‍ നിന്നാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടേയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും അടിച്ചമര്‍ത്തുകയാണ് പിണറായി. തന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുകൂലമായി പിണറായി വിജയന്‍ സാഹചര്യം സൃഷ്ടിക്കുകയാണ്. ഒരു സംസ്ഥാനത്ത് മാത്രം തുരുത്ത് പോലെ നില്‍ക്കുന്ന സി.പി.ഐ.എമ്മിന് എങ്ങനെയാണ് രാജ്യത്ത് ഉടനീളം മതേതരത്വത്തിന് വേണ്ടി പോരാടാന്‍ കഴിയുക.

കോണ്‍ഗ്രസില്‍ ഇല്ലാത്ത പ്രതിപക്ഷ സഖ്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സ്റ്റാലിന്‍ പോലും നില്‍ക്കില്ല. കോണ്‍ഗ്രസിന്റെ പ്രസക്തി എല്ലാ പ്രതിപക്ഷ കക്ഷികളും മനസിലാക്കിയപ്പോള്‍ ആ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ തങ്ങള്‍ ഇല്ലെന്ന് സി.പി.ഐ.എം പറയുമ്പോള്‍, മതേതരത്വത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുറപ്പാണ്.

കെ.വി. തോമസിനെക്കുറിച്ച് ആരെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ മോശമായി എഴുതിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഗുണം കൊണ്ടാണ്. നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ തലേ ദിവസവും പറഞ്ഞിട്ടുണ്ട്. കെ.വി. തോമസിന് പരാതിയുണ്ടെങ്കില്‍ സി.പി.ഐ.എമ്മിനൊപ്പം പോവുകയല്ല പരിഹാരം. കെ.വി. തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണ്.

കെ.വി. തോമസിനെ അനുകൂലിക്കുന്നവരില്‍ ഒരാളുടെ പേരെങ്കിലും അദ്ദേഹത്തിന്റെ നാടായ എറണാകുളത്തോ മണ്ഡലത്തിലോ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? ദല്‍ഹിയിലെത്തിയാല്‍ അദ്ദേഹം സി.പി.ഐ.എമ്മിന്റെ ഓഫീസില്‍ പോയി യെച്ചൂരിയെ കാണും. പലവട്ടം താക്കീത് നല്‍കിയിട്ടുണ്ട്. വ്യക്തി ബന്ധം സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, പാര്‍ട്ടി ഓഫീസില്‍ പോകാന്‍ തോമസ് മാഷെപ്പോലൊരാള്‍ക്ക് പറ്റില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കരുതെന്നാണ് കെ.പി.സി.സിയുടെ നിലപാട്. 80 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം മാഹിപ്പാലത്തില്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനോട് ആത്മാര്‍ത്ഥതയുള്ള ഒരു നേതാവിനും അവരുടെ വേദിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കെ.വി. തോമസിന്റെ കാര്യത്തിലുള്ള തീരുമാനം പാര്‍ട്ടിയുടെ തീരുമാനമായിരുന്നു, തന്റെ ഏകപക്ഷീയമായ തീരുമാനം അല്ല. സമ്മേളനത്തിന്റെ വേദിയില്‍ പോകുന്നത് ഒരിക്കലും ആലോചിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു, അതിന് പിന്നില്‍ ബി.ജെ.പിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

Content Highlights: K Sudhakaran says about CPIM Party congress and KV Thomas

Latest Stories

We use cookies to give you the best possible experience. Learn more