കെ.കെ. ശൈലജ പി.ആര്‍ വര്‍ക്കിനാല്‍ ബിംബവത്കരിച്ച ആരോഗ്യമന്ത്രി; കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത് കോടികളുടെ അഴിമതി: കെ. സുധാകരന്‍
Kerala News
കെ.കെ. ശൈലജ പി.ആര്‍ വര്‍ക്കിനാല്‍ ബിംബവത്കരിച്ച ആരോഗ്യമന്ത്രി; കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത് കോടികളുടെ അഴിമതി: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 8:42 pm

തിരുവനന്തപുരം: പി.ആര്‍ വര്‍ക്കിനാല്‍ ഒരാളെ എത്രമാത്രം ബിംബവത്കരിക്കാന്‍ കഴിയുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ജനം ജീവന് വേണ്ടി ഓടുമ്പോള്‍ കോടികളുടെ അഴിമതിയാണ് കൊവിഡ് കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയതെന്നും സുധാകരന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹംത്തിന്റെ പ്രതികരണം.

‘70424, കെ.കെ. ശൈലജയുടെ ഭൂരിപക്ഷമല്ല, കൊവിഡ് മൂലം കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമാണ്.
പി.ആര്‍ വര്‍ക്കിനാല്‍ ഒരാളെ എത്രമാത്രം ബിംബവത്കരിക്കാന്‍ കഴിയുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ശ്രീമതി കെ.കെ. ഷൈലജയെന്ന മുന്‍ ആരോഗ്യമന്ത്രി. ലോകത്തെ കൊവിഡ് കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ അതിലും രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഒരേയൊരു സര്‍ക്കാര്‍ കേരളത്തിലേതാണ്.

ഒരു ഭാഗത്ത് കൊവിഡിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്തിക്കൊണ്ടും, മറുഭാഗത്ത് ടെസ്റ്റിങ് കുറച്ചുകൊണ്ട് രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന പെരും കള്ളം പ്രചരിപ്പിച്ചും ഈ നാടിനെ വഞ്ചിച്ച സര്‍ക്കാരാണ് ഇടതു മുന്നണിയുടേത്.

പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും മരണങ്ങളുടെ എണ്ണം പോലും ഒളിച്ചുവെച്ച് ‘രക്ഷക’ പ്രതിച്ഛായ നേടാന്‍ പിണറായി വിജയനും കെ.കെ. ഷൈലജയും ശ്രമിച്ചപ്പോള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പോലും അന്യമായി. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടപ്പോളാണ് കണക്കുകള്‍ ഭാഗികമായി പുറത്തുവന്നത്.

ആ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. മികച്ച പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിലാണ് പിണറായി വിജയനും കെ.കെ.ഷൈലജയും അനുചരവൃന്ദവും ചേര്‍ന്ന് ഇത്രയധികം മരണങ്ങള്‍ സൃഷ്ടിച്ചതെന്നോര്‍ക്കണം,’ സുധാകരന്‍ പറഞ്ഞു.

ജനം ജീവന് വേണ്ടി ഓടുമ്പോള്‍ കോടികളുടെ അഴിമതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. 29-03-2020-ല്‍ ഒരേ ദിവസം തന്നെ കെയ്‌റോണ്‍ എന്ന കമ്പനിയില്‍ നിന്ന് 550 രൂപയ്ക്കും അറിയപ്പെടാത്ത ‘ഷാന്‍ഫാര്‍മ’ എന്ന മറ്റൊരു കമ്പനിയില്‍ നിന്ന് 1,550 രൂപയ്ക്കും പി.പി.ഇ കിറ്റുകള്‍ വാങ്ങാന്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ തന്നെയാണ് തീരുമാനിച്ചത്.

കോടികളുടെ ഈ അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണ്. ഈ ദുരന്തകാലത്ത് ആരോഗ്യവകുപ്പില്‍ നടന്ന ആയിരക്കണക്കിന് കോടി രൂപയുടെ പര്‍ച്ചേസുകളും സംശയത്തിന്റെ നിഴലിലാണ്.
രാഷ്ട്രീയമൊക്കെ മാറ്റിവെച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ. ജീവന്‍ കയ്യില്‍പിടിച്ചു ഒരു നാട് മുഴുവന്‍ നെട്ടോട്ടമോടുമ്പോള്‍, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാന്‍ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സി.പി.ഐ.എം സൈബര്‍ ഗുണ്ടകളുടെ തണലില്‍ എക്കാലവും ജനങ്ങളെ കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്.

കള്ള പ്രചാരണം കൊണ്ട് നിങ്ങള്‍ കൊലക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങള്‍ പറയേണ്ടി വരുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.