| Friday, 29th January 2021, 1:22 pm

കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നത് ശുനകനോ, ശുംഭനോ?; എ വിജയരാഘവനെ പരിഹസിച്ച് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എ. വിജയരാഘവന്‍ ഇരിക്കുന്നത് ഒരു വലിയ സ്ഥാനത്താണെന്നും അതിനെ അപമാനിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിജയരാഘവന്‍ ഇരിക്കുന്നത് ഒരു വലിയ സ്ഥാനത്താണ്. പക്ഷെ കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നത് കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുള്ള ഒരു വ്യക്തിത്വമാണ് ശ്രീ വിജയരാഘവന്റെ വ്യക്തിത്വം,’ കെ. സുധാകരന്‍ പറഞ്ഞു.

ഘടകകക്ഷികളുടെ വീട് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു. നേതാക്കള്‍ ഇനിയും പാണക്കാട് പോകുമെന്നും ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

തില്ലങ്കേരിയില്‍ കണ്ടത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എം-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടാകും. വിജയരാഘവന് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് നാണം വേണം.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കെ. സുധാകരന്‍.

മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും സന്ദര്‍ശന ലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ കെട്ടിവെക്കേണ്ടതില്ലെന്നും പിന്നീട് വിജയരാഘവന്‍ പ്രതികരിച്ചിരുന്നു. ലീഗ് മതാധിഷ്ഠിതപാര്‍ട്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

താങ്കള്‍ കഴിഞ്ഞ ദിവസം ലീഗ് മതമൗലികവാദമുള്ള പാര്‍ട്ടിയാണെന്ന് പറയുന്നു. ഇപ്പോള്‍ മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന് പറയുന്നു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നിങ്ങള്‍ അങ്ങനെ കേട്ടെങ്കില്‍ അത് കേള്‍വിയില്‍ വന്ന പ്രശ്നം കൊണ്ടായിരിക്കുമെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ പറയേണ്ടതില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും എല്ലാവര്‍ഗീയതോടെയും വിട്ടുവീഴ്ച ചെയ്യുന്നെന്നും മതനിരപേക്ഷ മൂല്യങ്ങളെ പരിരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും എല്ലാതരം വര്‍ഗീയതുമായി സന്ധിചേര്‍ന്ന് അധികാരത്തിലേക്ക് എളുപ്പവഴി കണ്ടെത്തുകയാണ് ചെന്നിത്തലയെന്നും വിജയരാഘവന്‍ പറഞ്ഞു.

വിജയരാഘവനെ വിമര്‍ശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തി. പാണക്കാട് കുടുംബത്തെ കുറിച്ച് അറിയാത്ത ആളല്ല എ. വിജയരാഘവനെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran sarcastic comment on A Vijayaraghavan

We use cookies to give you the best possible experience. Learn more