തിരുവനന്തപുരം: എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിന്റെ സമരത്തിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ഏഴ് തവണ ജലപീരങ്കി ഉപയോഗിച്ചു.
മാർച്ചിൽ യു.ഡി.എഫ് കൺവീനർ എം. എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് ഏഴ് തവണ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തിന് നേരെയും പ്രവർത്തകർ ആക്രമണം നടത്തി. ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞു.
സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്കും പരിക്കേറ്റു. പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തി. പൊലീസ് വെടിവെച്ചാലും മുഖ്യമന്ത്രിക്കെതിരായ ഈ സമരം നിർത്താൻ പോകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കയ്യാങ്കളി കാണിച്ച്, തല്ലി മർദിച്ച് ആയുധം കാട്ടി നിങ്ങൾ ഞങ്ങൾക്കെതിരെ ഒരു അഭ്യാസവും എടുക്കണ്ട. ഇവിടെ ഞങ്ങളുടെ മുമ്പിൽ നിൽക്കുന്ന ഓരോ പൊലീസുകാരെയും ഞങ്ങൾ വ്യക്തിപരമായി നാട്ടിൽ വെച്ച് നേരിട്ട് കാണുന്നതാണ്,’ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി രാജി വെക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിൽ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സി.ബി.ഐയ്ക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച്. കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
Content Highlight: K. Sudhakaran said that we will see directly that the policemen who beat up the Youth Congressmen will be personally confronted