| Saturday, 5th February 2022, 6:13 pm

പിണറായിയും ജയിലിലാകേണ്ടതായിരുന്നു; സ്വര്‍ണക്കടത്തു കേസില്‍ പുനരന്വേഷണം വേണമെന്ന് സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍

കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ സിനിമാനടന്‍ ദിലീപിനെതിരെ പുനരന്വേഷണം നടക്കുന്നതുപോലെ സ്വര്‍ണക്കടത്തു കേസില്‍ പുനരന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കിയത്.
അരക്കിട്ടുറപ്പിച്ച ബി.ജെ.പി- സി.പി.ഐ.എം ബന്ധമാണ് ഒത്തുതീര്‍പ്പിനു വഴിയൊരുക്കിയത്. പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബി.ജെ.പി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയിലേക്ക് സംശയം നീളാനുള്ള നിരവധി സംഭവങ്ങളാണ് സ്വപ്ന പുതുതായി വെളിപ്പെടുത്തിയത്. ജയിലിലെ ശബ്ദരേഖയിലെ ഗൂഢാലോചന, സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി, അവരുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി, സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കേരളം വിടാന്‍ മുഖ്യപ്രതികളെ സഹായിച്ചത്, സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടത്, നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലുകള്‍ എന്നിവയ്ക്കു പുറമെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തതുമെല്ലാം മുഖ്യമന്ത്രിയുടെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥന് ഇത്രയും വിവാദമായ ഒരു വിഷയത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരാണ് രാഷ്ട്രീയ പിന്‍ബലം നല്‍കുന്നത്? പുസ്തകമെഴുതിയതിന്റെ പേരില്‍ രാജു നാരായണസ്വാമി ഐ.എ.എസിനും ജേക്കബ് തോമസ് ഐ.പി.എസിനും എതരെ നടപടി സ്വീകരിച്ചവരാണ് ശിവശങ്കറിന് സംരക്ഷണവലയം തീര്‍ക്കുന്നത്. ഇത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് കേരള ജനതയ്ക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

പുസ്തകത്തിലൂടെ തന്നെയും സര്‍ക്കാരിനെയും വെള്ളപൂശുകയാണ് ശിവശങ്കര്‍ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഉപകരണം മാത്രമായിരുന്നു. എന്നാല്‍ ഒരു പെറ്റിക്കേസു പോലും മുഖ്യമന്ത്രിക്കെതിരേ ഉണ്ടായിട്ടില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എഴുതപ്പെട്ട പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവിനെതിരെ കണ്ണടച്ചതുകൊണ്ട് പുസ്തകവും തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കാം. ശിവശങ്കറിനെതിരായ അന്വേഷണം വഴിമുട്ടിയതും ബോധപൂര്‍വം തെളിവ് കണ്ടെത്താതിരുന്നതും അദ്ദേഹം സര്‍വീസില്‍ തുടര്‍ന്ന് പ്രവേശിച്ചതുമെല്ലാം വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും സുധാകന്‍ പറഞ്ഞു.

CONTENT HIGHLIGHTS:  K Sudhakaran said that the shocking revelation that the central and state governments had planned to bury the gold smuggling case had come out through Swapna Suresh. 

We use cookies to give you the best possible experience. Learn more