| Tuesday, 17th May 2022, 10:30 pm

ചങ്ങല പൊട്ടിയ പട്ടിയെ പോലെ എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്, അതൊരു ഉപമ, തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉപമയാണെന്നും തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അറസ്റ്റ് ചെയ്യണമെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് ഇത് വെള്ളരിക്കാപ്പട്ടണമല്ലേ എന്നായിരുന്നു സുധാകരന്റെ മറുപടി. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യട്ടേയെന്നും അത് നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.

ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്. അത് യാത്രയെക്കുറിച്ചാണ് പറയുന്നത്. അതുകൊണ്ട് ഞാന്‍ പട്ടിയാണെന്നോണോ. അത് മലബാറില്‍ സാധാരയായി പറയുന്ന ഉപമ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

അദ്ദേഹത്തെ പട്ടിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അങ്ങനെ തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത നിന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ് മുഖ്യമന്ത്രി ഇവിടെ നില്‍ക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാരെല്ലാം ഇവിടെ നില്‍ക്കുന്നത് നാടിനോട് ചെയ്യുന്ന അനീതിയാണ്.

കേരള നിഘണ്ടുവില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ സംഭാവന ചെയ്തയാള്‍ പിണറായി വിജയനാണെന്നും സുധാകരന്‍ പറഞ്ഞു. നികൃഷ്ട ജീവി, പരനാറി, കുലംകുത്തി എന്നീ വാക്കുകള്‍ പിണറായി വിജയന്‍ കേരളത്തിന് നല്‍കിയ സംഭാവനകളാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ബിഹൈന്‍ഡ് വുഡ്സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാരകന്റെ പ്രതികരണം.

എല്‍.ഡി.എഫിന്റെ പ്രചരണം കണ്ട് കോണ്‍ഗ്രസിന് ഹാലളകിയിട്ടില്ല. ഹാലളകിയത് മുഖ്യമന്ത്രിക്കാണ്. ഒരു മുഖ്യമന്ത്രിയാണെന്ന ബോധം അദ്ദേഹത്തിന് വേണം. ഒരു നിയോജകമണ്ഡലത്തില്‍ തേരാപാരാ നടക്കുകയാണ് അദ്ദേഹം പറഞ്ഞു. ഒരു ബൈ ഇലക്ഷനില്‍ നായ ചങ്ങല പൊട്ടിച്ച് വരുന്നതുപോലെയല്ലെ അദ്ദേഹം നടക്കുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാനാരുമില്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞിരുന്നത്.

CONTENT HIGHLIGHTS:  K Sudhakaran said that the remark against the Chief Minister was a metaphor and would be withdrawn if it felt wrong.

We use cookies to give you the best possible experience. Learn more