| Monday, 15th August 2022, 3:25 pm

എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ? ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും കെ. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്‌സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്ന് സി.പി.ഐ.എമ്മിന് എങ്ങനെ ഒഴിയാനാകും. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ ആയുധശേഖരം സി.പി.ഐ.എമ്മിനുണ്ട്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സി.പി.ഐ.എം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

‘കൃത്യമായ അന്വേഷണം വേണം. ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മുകാര്‍ ആണെന്ന് വ്യക്തമാണ്. ആരെയും കൊല്ലുന്ന സംഘമായി സി.പി.ഐ.എം മാറി. സി.പി.ഐ.എമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്.

വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട്. പൊലീസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സി.പി.ഐ.എം നേതാക്കളാണ്.

സി.പി.ഐ.എം എന്നും അക്രമത്തിന്റെ വക്താക്കളാണ്. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നതിന് തെളിവുണ്ട്. ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ സമീനപത്തെ കടക്കാരനെ പാര്‍ട്ടി നിശബ്ദനാക്കി,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍.എസ.എസ്- ബി.ജെ.പി സംഘമാണെന്ന് സി.പി.ഐ.എം വീണ്ടും ആരോപിച്ചു. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സി.പി.ഐ.എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍.എസ്.എസ്- ബി.ജെ.പി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കൊലനടത്തിയവര്‍ ആര്‍.എസ്.എസ്- ബി.ജെ.പി സജീവ പ്രവര്‍ത്തകരാണെന്ന് ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവര്‍ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല്‍ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.ഇവരുടെ കഞ്ചാവ് വില്‍പനയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതും തടയാന്‍ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആര്‍.എസ്.എസ്- ബി.ജെ.പി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

CONTENT HIGHLIGHTS:  K. Sudhakaran said that CPIM workers were behind Shah Jahan’s murder

We use cookies to give you the best possible experience. Learn more