അധികാരമില്ലാതെ ജീവിക്കാനാകില്ലെന്ന നിലയില്‍ സി.പി.ഐ.എം അധപതിച്ചു; സജി ചെറിയാനെ പുറത്താക്കാനുള്ള സകല സാധ്യതയും പരിശോധിക്കും: കെ. സുധാകരന്‍
Kerala News
അധികാരമില്ലാതെ ജീവിക്കാനാകില്ലെന്ന നിലയില്‍ സി.പി.ഐ.എം അധപതിച്ചു; സജി ചെറിയാനെ പുറത്താക്കാനുള്ള സകല സാധ്യതയും പരിശോധിക്കും: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th January 2023, 5:10 pm

തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവ് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

ഇന്ത്യന്‍ ജനാധിപത്യത്തിനെ അപമാനിച്ചുകൊണ്ട്, വോട്ടര്‍മാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ ‘കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ’ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഇന്ത്യന്‍ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിന്റെ പേരിലാണ്. ആ അവഹേളനം അതുപോലെ തന്നെ നമ്മുടെ കണ്‍മുമ്പില്‍ മായാതെ നില്‍ക്കുകയാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും ഈ നാടിന് അപമാനമാണ്.

ഇന്ത്യാ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഇന്ത്യന്‍ ഭരണഘടനയുടെ നേര്‍ക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയന്‍ തിരിച്ചെടുക്കുന്നത്,’ സുധാകരന്‍ പറഞ്ഞു.

അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ ആവില്ല എന്ന നിലയിലേക്ക് സി.പി.ഐ.എം നേതാക്കള്‍ അധപതിച്ചിരിക്കുന്നു. ധാര്‍മികതയും മൂല്യവും ഘോരഘോരം കൊട്ടിഘോഷിക്കുന്നവരുടെ തനിനിറം പ്രബുദ്ധ മലയാളികള്‍ മനസ്സിലാക്കണം. സി.പി.ഐ.എം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവം കൈവിട്ട് പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങള്‍ മാത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുകയാണ്. പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ മൗനത്തിലാണ് സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയാണ് ഈ നാട്ടില്‍ മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കുന്നത്. ആ ഭരണഘടനയെ തള്ളി പറയുന്ന ഒരാള്‍ക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയും? ഭരണഘടനയെ അപമാനിച്ച മന്ത്രിയെ പുറത്താക്കാനുള്ള സകല നിയമസാധുതകളും പ്രതിപക്ഷം പരിശോധിക്കുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിനെ അപമാനിച്ച്, വോട്ടര്‍മാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ ‘കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ’ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം.

ഇന്ത്യാ മഹാരാജ്യത്തിനോട് നിര്‍വ്യാജമായ കൂറും സ്‌നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയര്‍ത്താനും കെ.പി.സി.സി അധ്യക്ഷന്‍ ആഹ്വാനം ചെയ്തു.

അതേസമയം, ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനാ വിരുദ്ധ പ്രസംഗമെന്ന ആരോപണത്തെ തുടര്‍ന്ന് 182 ദിവസം മുമ്പ് അദ്ദേഹം രാജിവെച്ചിരുന്നു. കേസില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം വീണ്ടും എല്‍.ഡി.എഫ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.

Content Highlight: K. Sudhakaran  said  Saji Cherian’s return to the cabinet will be a turning point in Kerala’s political history