തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ മുന്നോട്ടുപോക്കില്‍ കോണ്‍ഗ്രസ് നയിച്ച പ്രക്ഷോഭങ്ങളുടെ മുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടുമടക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
പിണറായി വിജയനും കുടുംബത്തിനും കോടികള്‍ കട്ടുമുടിക്കാനുള്ള അഴിമതി റെയില്‍ പദ്ധതി ഈ മണ്ണില്‍ നടത്തിക്കില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് താക്കീത് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.
കേരള പൊലീസിനാല്‍ തെരുവിലാക്രമിക്കപ്പെട്ട സമരക്കാരോട് മുഖ്യമന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കോണ്‍ഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പില്‍ പിണറായി വിജയന്‍ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണ്.
പാവപ്പെട്ടവന്റെ കിടപ്പാടം നഷ്ടപ്പെടുത്തിയും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനായി ഇത്തരം തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും പിണറായി വിജയന്‍ വരരുത്. അല്‍പമെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ കേരള പൊലീസിനാല്‍ തെരുവിലാക്രമിക്കപ്പെട്ട അമ്മമാരോടും പെങ്ങന്മാരോടും കുഞ്ഞുങ്ങളോടും മാപ്പ് പറയാന്‍ പിണറായി തയ്യാറാകണം. പൊലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നില്‍ നെഞ്ചുറപ്പോടെ നിന്ന് പൊരുതിയ എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്ക്, സമര പോരാളികള്‍ക്ക് വിജയാഭിവാദ്യങ്ങള്‍,’ കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നായിരുന്നു പദ്ധതി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകളോട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
50 വര്‍ഷം അപ്പുറമുള്ള കേരളത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്നതാണ് സില്‍വര്‍ ലൈന്‍. അങ്ങനെയൊരു പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകുന്ന നിലപാട് എല്‍.ഡി.എഫിനും സി.പി.ഐ.എമ്മിനുമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതോടെയാണ് ഇത്തരമൊരു അഭ്യൂഹമുയര്‍ന്നത്.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി പുതുക്കി നല്‍കില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഇവരെയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.