തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധത കടന്നു കയറിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
കുട്ടികളുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന ഇത്തരം പ്രവണതകള്‍ തുടക്കത്തിലെ തടയാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും അവര്‍ നിയോഗിച്ച സംഘാടകസമിതിക്കും ഉണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടിമുടി സംഘപരിവാര്‍വത്ക്കരിക്കപ്പെട്ടിരിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ ഭരണകൂടവും ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണോ ഗുരുതരമായ വിദ്വേഷ പ്രചാരണം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദികള്‍ എന്നാല്‍ മുസ്‌ലിം മതത്തില്‍പ്പട്ടവര്‍ എന്ന രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വായും തുറന്നു വേദിയിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും മതവും ജാതിയും ഇല്ലെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഗാന്ധിവധം തൊട്ട് ഇങ്ങോട്ട് പല ചരിത്ര സംഭവങ്ങളുമുണ്ട്. എന്നാല്‍ അത്തരം ഒരു സന്ദേശം സംഘപരിവാറിന്റെ അജണ്ടക്ക് വിരുദ്ധമായതുകൊണ്ടാകാം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്. ബി.ജെ.പി അംഗത്വം എടുക്കാനായി ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയ സി.പി.ഐ.എം എം.എല്‍.എ വിവാദമായ ഈ സംഗീതശില്പം മുന്‍കൂട്ടി കണ്ടിട്ടും തടയാതിരുന്നത് തന്നെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.