തിരുവനന്തപുരം: കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി’യെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. കച്ചവടക്കാരോട് യുദ്ധമല്ല ചര്‍ച്ചയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യക്ക് മുന്നില്‍ നില്‍ക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വ്യാപാരികള്‍ക്കൊപ്പമാണ്. കട അടപ്പിക്കാന്‍ ശ്രമിച്ചാല്‍ വ്യാപാരികളുടെ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോട് മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന സമരത്തില്‍ രാഷ്ടീയം കാണുന്നില്ല. അതിലേക്ക് നയിച്ച സാഹചര്യത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യാപാരികള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്.
കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ വികാരം മനസിലാക്കുന്നു. ആ വികാരം മനസിലാക്കി അവരോടൊപ്പം നില്‍ക്കുകയും ചെയ്യാം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വേറെ നിലയില്‍ മുന്നോട്ടുപോയാല്‍ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.