തിരുവനന്തപുരം: എത്ര തന്നെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചാലും, നിയസഭയിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷ നേടാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ നടത്തിയ പ്രകടനം കണ്ടപ്പോള്‍ അന്തരിച്ച മുന്‍ എം.എല്‍.എ പി.ടി. തോമസിനെ ഓര്‍മ വന്നെന്നും സുധാകരന്‍ പറഞ്ഞു.
‘സ്വപ്നയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെ പറ്റിയുള്ള മാത്യുവിന്റെ( മാത്യു കുഴല്‍നാടന്‍)
ചോദ്യത്തില്‍ തന്നെ മുഖ്യമന്ത്രി ഭയചകിതനായിരുന്നു.
താനും സംഘവും നടത്തിയിട്ടുള്ള കോടികളുടെ അഴിമതി പുറത്തുവരുമോ എന്ന ഭയം മുഖ്യമന്ത്രിയുടെ ശരീരഭാഷയില്‍ ഉടനീളം ഉണ്ട്.
നിയമസഭയിലെ മാത്യുവിന്റെ പ്രകടനം കണ്ടപ്പോള്‍ ഒരു നിമിഷം പി.ടിയെ ഓര്‍ത്തുപോയി. അതേ ആര്‍ജ്ജവത്തോടെ, വസ്തുതാപരമായി കാര്യങ്ങള്‍ പഠിച്ചു അവതരിപ്പിക്കുന്ന മാത്യുവിനെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. അവിടുണ്ടായിരുന്നെങ്കില്‍ ഇന്ന് അവനെ തോളത്ത് തട്ടി അഭിനന്ദിക്കാന്‍ ആദ്യം മുന്നോട്ട് വരിക പി.ടി തന്നെ ആകുമായിരുന്നു.
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി പിണറായി വിജയന്‍ എന്ന അഴിമതിവീരനെ തുറന്നു കാട്ടിയ മാത്യു കുഴല്‍നാടന് അഭിവാദ്യങ്ങള്‍,’ സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകള്‍ക്ക് മറുപടി പറയാതിരിക്കാന്‍ പിണറായി വിജയന് കഴിയില്ലെന്നു സുധാകരന്‍ പറഞ്ഞു.
‘പഴയ വിജയനുള്ള മറുപടി കനത്തില്‍ തരാത്തത് താങ്കളിരിക്കുന്ന ചെയറിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണെന്ന് മുഖ്യമന്ത്രി മനസിലാക്കുക. നിയമസഭയില്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളില്‍ മറുപടി ഇല്ലാതാകുമ്പോള്‍, പണ്ട് അടി കൊണ്ടു ഓടിയ കാര്യങ്ങള്‍ ചര്‍ച്ചയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭീരുവായി താങ്കള്‍ അധഃപതിക്കരുതായിരുന്നു.
എത്ര തന്നെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചാലും, സഭയിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ ചോദ്യങ്ങളില്‍ നിന്ന് താങ്കള്‍ക്ക് രക്ഷനേടാന്‍ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകള്‍ക്ക് മറുപടി പറയാതെ പോകാനും കഴിയില്ല.
ഊണിലും ഉറക്കത്തിലും കൂടെ നടന്നിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഒരുളുപ്പുമില്ലാതെ പറഞ്ഞയാളാണ് പിണറായി വിജയന്‍. ദൃശ്യങ്ങളൊക്കെ പുറത്തുവന്നിട്ടും സ്വപ്നയുമായി ഒരു പരിചയവുമില്ല എന്ന മട്ടിലാണ് ഇപ്പോഴും കള്ളങ്ങള്‍ പറയുന്നത്,’ കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: K.Sudhakaran said also remembered Pt. Thomas saw the performance Mathew Kuzhalnadan in assembly