| Wednesday, 12th October 2022, 4:05 pm

'ഒരു കമ്മീഷനും വെച്ചിട്ടില്ല, വിശദീകരണം ചോദിച്ചിട്ടുണ്ട്'; തെറ്റുകാരനെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി എടുക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘ഞങ്ങള്‍ ഒരു കമ്മീഷനും വെച്ചിട്ടില്ല, അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആ വിശദീകരണത്തിന് ഉത്തരം കിട്ടിയാല്‍ ബാക്കി ഉള്ള നടപടികള്‍ കേസിനാസ്പദമായി സ്വീകരിക്കും.

തെറ്റുകാരന്‍ ആണെങ്കില്‍ അച്ചടക്ക നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നതില്‍ സംശയം വേണ്ട. അതാണ് പാര്‍ട്ടിയുടെ നയം,’ സുധാകരന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ കൂടുതല്‍ ആരോപണവുമായി പരാതിക്കാരി രംഗത്തെത്തി. എം.എല്‍.എയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ടെന്നും മോശം വ്യക്തിയാണെന്ന് അറിഞ്ഞതോടെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ ഒത്തുതീര്‍പ്പിന് വേണ്ടി ഒരുപാട് പേര്‍ ശ്രമിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ വനിതാ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിക്കാന്‍ എം.എല്‍.എ 30 ലക്ഷം വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു.

എം.എല്‍.എയുമായി 10 വര്‍ഷത്തെ പരിചയമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എന്നാല്‍ എം.എല്‍.എ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങിയെന്നും യുവതി പറഞ്ഞു.

കോവളത്തുവെച്ച് പരസ്യമായാണ് മര്‍ദിച്ചത്. അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോള്‍ നാട്ടുകാരോട് ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി വിട്ടു. മര്‍ദനത്തില്‍ പരിക്കേറ്റ തന്നെ എം.എല്‍.എ തന്നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു.

കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞ ദിവസം അധ്യാപികയുടെ പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, അതിക്രമിച്ച് കടന്നു, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. പരാതിക്കാരിയുടെ കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlight: K Sudhakaran’s reaction on Eldhose Kunnappilly Sexual harassment case

We use cookies to give you the best possible experience. Learn more