പിണറായി വിജയന്റേത് ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ; മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവ്; മറുപടിയുമായി കെ. സുധാകരന്‍
Kerala News
പിണറായി വിജയന്റേത് ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ; മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവ്; മറുപടിയുമായി കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 12:02 pm

കൊച്ചി: പി.ആര്‍. ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇന്നലെ  കണ്ടതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയയും ശൈലിയും ഭാവവുമായിരുന്നു പിണറായി വിജയനില്‍ കണ്ടതെന്നും അതേപടി താന്‍ പ്രതികരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

അഭിമുഖത്തിലുള്ള എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ലെന്നും ഓഫ് ദ റെക്കോര്‍ഡില്‍ പറഞ്ഞത് അഭിമുഖത്തില്‍ വന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയെ ചവിട്ടി താഴെയിട്ടെന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. മനോരമയുടെ റിപ്പോര്‍ട്ടര്‍ ആ ചോദ്യം തന്നോട് ചോദിക്കുകയായിരുന്നെന്നും അതേക്കുറിച്ച് പറയാന്‍ താല്പര്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പിലാണ് ഓഫ് ദ റെക്കോര്‍ഡ് ആയി താനത് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

ഒരു ചതിവിന്റെ ശൈലിയില്‍ താന്‍ പറഞ്ഞ കാര്യം അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നെന്ന ആരോപണത്തിനും സുധാകരന്‍ മറുപടി പറഞ്ഞു.

സ്വന്തം മക്കളെ ഒരു അധോലോകം തട്ടിക്കൊണ്ടുപോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ പരാതി നല്‍കിയില്ലെന്നും സുധാകരന്‍ ചോദിച്ചു.

” വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വര്‍ഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട് ചോദിക്കുമ്പോള്‍ ആരാ സ്വപ്ന എന്ന് തിരിച്ച് ചോദിക്കുന്നു. മണല്‍ മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയ്യില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ,” സുധാകരന്‍ പറഞ്ഞു.

നട്ടെല്ലുണ്ടെങ്കില്‍ പിണറായി വിജയന്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ശുദ്ധമായ മനസ്സിന്റെ ഉടമസ്ഥനാകണം മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.

 

ബ്രണ്ണന്‍ കോളേജില്‍ തന്നെ നഗ്‌നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണെന്നും ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകുമെന്നും പിണറായി ഏതോ സ്വപ്ന ലോകത്താണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: K Sudhakaran’s Press meet against CM Pinarayivijayan