തിരുവനന്തപുരം: മോണ്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വേണ്ടി ഇടനിലക്കാരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാര്‍. ഇതിന് തെളിവായി ദൃശ്യങ്ങളും ഇവര്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
ഇരുമ്പനം സ്വദേശിയായ സുധാകരന്റെ ഇടനിലക്കാരന്‍ എബിന്‍ എബ്രഹാം വൈറ്റിലയിലുള്ള വീട്ടില്‍ വിളിച്ച് വരുത്തുകയും സുധാകരനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
സുധാകരന്റെ പേര് പുറത്ത് പറയാതിരിക്കാന്‍ ലക്ഷദ്വീപില്‍ കരാര്‍ പണി വാഗ്ദാനം നല്‍കിയെന്നും പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ ആരോപിച്ചു. ഇതിന്റെ ഓഡിയോ മെസേജും വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനം വിളിച്ച് സുധാകരന് കേസില്‍ പങ്കില്ലെന്ന് പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതിക്കാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത സുധാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഹരജി 21ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി അറിയിച്ചു.
Content Highlight: K sudhakaran’s Intermediary tried to influence : Complainants releasa a video