| Wednesday, 12th May 2021, 11:35 pm

'കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ട് വാക്ക്'; നേതാക്കളെ അവഹേളിച്ചുകൊണ്ട് തനിക്ക് പിന്തുണ ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരായ പ്രതികരണങ്ങള്‍ അതിരുവിടരുതെന്ന് അണികളോട് കെ. സുധാകരന്‍.

കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചുകൊണ്ട് തനിക്ക് പിന്തുണ ഏറ്റുവാങ്ങാന്‍ കഴിയില്ലെന്നും പ്രകടിപ്പിക്കുന്ന അതിരുകടന്ന ചില വികാരങ്ങള്‍ ഒരു പക്ഷെ ഈ തളര്‍ച്ചയുടെ പ്രതീകമാകാം. ഇതില്‍ നിന്ന് നമ്മുക്കൊരു മോചനം വേണ്ടെയെന്നും സുധാകരന്‍ ചോദിച്ചു.

സമൂഹമാധ്യമങ്ങളില്‍ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രയോഗവും ഇനി അങ്ങോട്ട് എന്നെ സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാവരുത്. ബന്ധങ്ങളുടെ ബലക്ഷയം നമ്മെ അശക്തരാക്കും എന്ന കാര്യം നമ്മള്‍ മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ട് വാക്ക് എന്ന് പറഞ്ഞ് തുടങ്ങുന്നതാണ് കുറിപ്പ്. നേരത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പരാജയം നേരിട്ടതോടെ രൂക്ഷ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ അണികളില്‍ നിന്നടക്കം ഉണ്ടായത്.

കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ക്യംപെയ്ന്‍ ചിലര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുധാകരന്റെ പോസ്റ്റ്.

കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ട് വാക്ക്! കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തില്‍ നിങ്ങള്‍ വളരെയേറെ തളര്‍ന്ന് പോയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ പ്രകടിപ്പിക്കുന്ന അതിരുകടന്ന ചില വികാരങ്ങള്‍ ഒരു പക്ഷെ ഈ തളര്‍ച്ചയുടെ പ്രതീകമാകാം. ഇതില്‍ നിന്ന് നമ്മുക്കൊരു മോചനം വേണ്ടെ…

പ്രസ്ഥാനത്തെ പഴയ കരുത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ദുര്‍ഭലമായ മനസ്സ് സഹായകരമാവില്ലെന്ന് നമ്മുക്കറിയാം. ഒരു കാര്യം ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാം. ഏത് പരാജയത്തിനും ഒരു തിരിച്ച് വരവിന്റെ പോരാട്ടമുണ്ട്. അതിന് ആദ്യം സംഭരിക്കേണ്ടത് മനക്കരുത്തും അതോടൊപ്പം ആത്മവിശ്വാസവുമാണ്. അതിനൊരു നിശ്ചയദാര്‍ഢ്യം അനിവാര്യമാണ്.

കേരളത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രം നിങ്ങള്‍ വിസ്മരിക്കരുത്. കേരള നിയമസഭയിലെ 9 അംഗങ്ങളില്‍ നിന്ന് ആരംഭിച്ചതാണ് കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ലീഡര്‍ ശ്രീ. കെ.കരുണാകരന്റെ നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പലരും തമാശയായി നോക്കിക്കണ്ട ആ തുടക്കം. 111 ല്‍ പരം സീറ്റുകളില്‍ എത്തിച്ച കെ.കരുണാകരന്റെ മാന്ത്രിക സ്പര്‍ശം ! അല്‍ഭുതതോടെ നോക്കി നിന്ന ഈ ഒരു ചരിത്രം നമുക്ക് ഉണ്ട്. എങ്ങനെ നേടി ഈ നേട്ടം? ഉറച്ച മനസ്സുകളുടെ പ്രതിബദ്ധതയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.

ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടം- ആ പോരാട്ടത്തില്‍ ഒന്നിച്ച് നിന്ന് കേരളത്തിലെ ജനാധിപത്യ മതേത്വര ശക്തികള്‍. അവര്‍ എല്ലാവരും ഇന്നും നമ്മോടൊപ്പം ഉണ്ടെന്ന് ഓര്‍ക്കുക. അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ നമ്മുക്ക് സാധിച്ചാല്‍ ചരിത്രം ഇനിയും നമുക്ക് ആവര്‍ത്തിക്കാം.ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച വോട്ട് ശതമാനം 25. 38% വും, കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 % വും മാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം 0.26% വോട്ടിന്റെ ഭൂരിപക്ഷമാണ്. തികച്ചും ഒരു ശതമാനം പോലും ഇല്ലെന്ന് ഓര്‍ക്കണം. എന്തിന് നിങ്ങള്‍ വികാരഭരിതാരാവണം?

എന്തിന് നിങ്ങള്‍ നിരാശരാവണം? നമ്മുക്ക് കൈ മുതലാവേണ്ടത് ആത്മവിശ്വാസമാണ്. ഒറ്റക്കെട്ടായി എല്ലാം ഭിന്നതകളും മറന്ന് ഒന്നാകാന്‍ നമ്മുക്ക് സാധിച്ചാല്‍ കൈ എത്താവുന്ന ദൂരത്ത്, കൈപ്പിടിയില്‍ ഒതുക്കുവാന്‍ ലക്ഷ്യം നമ്മെ കാത്തിരിക്കുന്നു .ഈ ഒറ്റ ചിന്തയില്‍ എല്ലാം മനസ്സുകളും ഒന്നിക്കട്ടെ. ഈ ഒറ്റ ചിന്തയില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത ഒരു വന്‍മതില്‍ നമ്മുക്ക് കെട്ടിപ്പൊക്കാം. ഇതിന് ആവശ്യം ഐക്യമാണ്…

ഒരു ഇതളും കൊഴിഞ്ഞ് പോവാത്ത ഐക്യം! പരസ്പര വിശ്വാസവും, സ്‌നേഹവും കൊണ്ട് മാത്രമേ ഒരു സംഘടനയ്ക്ക് അകത്ത് ഐക്യം ഉണ്ടാക്കാന്‍ സാധിക്കു, ഐക്യം കൊണ്ടേ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കു, മുന്നേറ്റം കൊണ്ടേ ശത്രുവിനെ തോല്‍പിക്കാന്‍ സാധിക്കു. ഇവിടെ പതറുകയല്ല നമ്മുക്ക് വേണ്ടത്, ഐക്യപ്പെട്ട സ്‌നേഹം പങ്കുവെച്ച് ശക്തി നേടാനുള്ള പോരാട്ടമാണ് നമ്മുക്ക് അനിവാര്യം. വിദ്വേഷത്തോട് വിട പറയാന്‍ നമുക്ക് സാധിക്കണം! വിമര്‍ശനത്തിനോട് വിട പറയാന്‍ നമുക്ക് സാധിക്കണം, വെറുപ്പിനോട് വിട പറയാന്‍ നമുക്ക് സാധിക്കണം.

ഇത് ഉള്ളില്‍ തട്ടി പറയുന്ന ഒരു അപേക്ഷയാണ്. സ്‌നേഹപൂര്‍വ്വമുള്ള എന്റെ അപേക്ഷ. പരാജയത്തിനോടനുബന്ധിച്ച് ഒരു പാട് വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ഞാന്‍ ശ്രദ്ധിച്ചു. സാമൂഹ്യബന്ധങ്ങളുടെ എല്ലാം അതിര്‍ വരമ്പുകളും ലംഘിച്ച് ചില നേതാക്കന്‍മാര്‍ക്കെതിരെ നിങ്ങള്‍ നടത്തിയ വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് ആരോഗ്യകരമാവണം ! തോറ്റ് നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് ഗുണം ചെയ്യാത്ത ഒരു പാട് വിമര്‍ശനങ്ങള്‍ എന്നെ ഒരു പാട് നൊമ്പരപ്പെടുത്തി. അതിനെ വിമര്‍ശനമാണന്നോ അല്ല തെറി അഭിഷേകമാണന്നോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഏതായാലും വളരെ മോശമായിപ്പോയി. ഒരിക്കലും ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യാത്ത വാക്കുകള്‍ ! സഭ്യതയുടെ എല്ലാം അതിര്‍വരമ്പുകളും തകര്‍ത്തെറിഞ്ഞ പ്രയോഗങ്ങള്‍ ! ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ആശയങ്ങള്‍ ! ക്രൂരമായിരുന്നു പലരുടെയും അത്തരം പ്രതികരണങ്ങള്‍.

ഒരു കാര്യം നിങ്ങള്‍ മറക്കരുത്, വിമര്‍ശിക്കപ്പെടുന്ന നേതാക്കന്‍ മാര്‍ക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അവരുടെതായ അഭിമാനബോധം ഉണ്ടാകും. തെറ്റുകള്‍ ചൂണ്ടി കാണിക്കാം, അത് ആരുടെയും ആത്മാഭിമാനത്തെ മുറിപ്പെടുതാതെയാവണം. അവര്‍ക്കും കുടുംബങ്ങള്‍ ഇല്ലെ? അവരെ സ്‌നേഹിക്കാനും കുറെ ആളുകള്‍ ഇല്ലെ ? അവരുടെയൊക്കെ മനസ്സിനെ കീറി മുറിച്ച് നിങ്ങള്‍ നടത്തുന്ന തെറി അഭിഷേകം കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ? അതോ ദുര്‍ബലമാക്കുവാനോ? ഇതൊക്കെ പാര്‍ട്ടിയെ അശക്തമാക്കാനേ ഉപകരിക്കുകയുള്ളു എന്ന സത്യം നിങ്ങള്‍ ഉള്‍ക്കൊള്ളണം. നിന്നിടം കുഴിക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കണം. സ്വയം കുഴിത്തോണ്ടുന്ന ഈ ശൈലി നമ്മുക്ക് വേണ്ടാ… ഇത് ഇവിടെ നിര്‍ത്തണം. സ്വയം തകരുന്ന, സ്വയം തകര്‍ക്കുന്ന ഈ ശൈലി ഇവിടെ അവസാനിപ്പിക്കണം.

മുന്നോട്ടുള്ള പ്രയാണത്തിലും, ശക്തമായ തിരിച്ചുവരവിനും വേണ്ട എല്ലാം ഊര്‍ജ്ജവും നമ്മുക്ക് ഉള്‍ക്കൊള്ളാന്‍ ഒരു വലിയ മനസ്സിന്റെ ഉടമകളായി എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ മാറണം.

നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ സുഖത്തിലും, ദു:ഖത്തിലും നിങ്ങളോടൊപ്പം ഞാനുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ട് ! ആര്‍ക്കും അലിയിച്ച് കളയാന്‍ സാധിക്കാത്ത നമ്മുടെ ബന്ധത്തിന്റെ ബലത്തില്‍ ഞാനൊന്ന് ഉപദേശിച്ചോട്ടെ ? എന്നെ സ്‌നേഹിച്ചോളു.. പക്ഷെ ആരെയും വെറുക്കരുത്. മറ്റുള്ളവരെ വെറുക്കുന്ന മനസ്സിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ എനിക്കാവില്ല.

സമൂഹമാധ്യമങ്ങളില്‍ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രയോഗവും ഇനി അങ്ങോട്ട് എന്നെ സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാവരുത്. ബന്ധങ്ങളുടെ ബലക്ഷയം നമ്മെ അശക്തരാക്കും എന്ന് കാര്യം നമ്മള്‍ മറക്കരുത്. ആരുടെയും മനസ്സ് വേദനിപ്പിക്കാനല്ല ഇത് എഴുതിയത്. നമ്മുക്ക് തിരിച്ച് വരണം. ആ ലക്ഷ്യം സാര്‍ത്ഥകമാകണമെങ്കില്‍ എല്ലാവരും ഒരു കരുത്തില്‍ ഒന്നിക്കണം. കോവിഡ് മഹാമാരിയുടെ നിഴലില്‍ ഭയാശങ്കകളോടെ കഴിയുന്ന ഈ കാലഘട്ടത്തില്‍ കരുതലോടെ ജീവിക്കാന്‍ എല്ലാവരും ശ്രമിക്കണം. എല്ലാര്‍ക്കും ഭാവുവങ്ങള്‍… എല്ലാവര്‍ക്കും ആശംസകള്‍…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  K Sudhakaran’s Facebook Post To Congress Workers after loosing kerala Election 2021

We use cookies to give you the best possible experience. Learn more